09/04/2026
[fontresizer_tawhidurrahmandear_widget]

‘ഹോർമുസ് കടലിടുക്ക് അമേരിക്കയും ഇറാനും ഒന്നിച്ച് കൈകാര്യം ചെയ്യും; യുറേനിയം ഒപ്പം കുഴിച്ചെടുത്ത് നീക്കം ചെയ്യും’-പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

 ‘ഹോർമുസ് കടലിടുക്ക് അമേരിക്കയും ഇറാനും ഒന്നിച്ച് കൈകാര്യം ചെയ്യും; യുറേനിയം ഒപ്പം കുഴിച്ചെടുത്ത് നീക്കം ചെയ്യും’-പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിനായി ഇറാനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ് ‘എബിസി ന്യൂസി’നോട് വെളിപ്പെടുത്തി. ഇറാന്റെ ആണവകേന്ദ്രങ്ങളിലെ യുറേനിയം അവരുമായി സഹകരിച്ച് നീക്കം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ടോൾ ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. കടലിടുക്ക് അമേരിക്കയും ഇറാനും ചേർന്ന് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചാണ് തങ്ങൾ ആലോചിക്കുന്നതെന്ന് ട്രംപ് സൂചിപ്പിച്ചത്. ‘ഞങ്ങൾ ഇതൊരു സംയുക്ത സംരംഭമായി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. ഇത് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള വഴിയാണ്. മറ്റു പലരിൽനിന്നും കടലിടുക്കിനെ സംരക്ഷിക്കാനും ഇതിലൂടെ സാധിക്കും,’ ട്രംപ് പറഞ്ഞു.

അതേസമയം, ഇറാന്റെ ഭൂഗർഭ കേന്ദ്രങ്ങളിൽ കുഴിച്ചുമൂടിയ യുറേനിയം അവശിഷ്ടങ്ങൾ അമേരിക്ക ഇടപെട്ട് നീക്കം ചെയ്യുമെന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യലി’ൽ കുറിച്ചു. ‘ഇറാനിൽ വരാൻ പോകുന്നത് ഫലപ്രദമായൊരു ഭരണമാറ്റമായിരിക്കും. അവിടെ ഇനി യുറേനിയം സമ്പുഷ്ടീകരണം ഉണ്ടാവില്ല. ഇറാനുമായി ചേർന്ന് അമേരിക്ക അവിടുത്തെ ആണവ അവശിഷ്ടങ്ങൾ കുഴിച്ചെടുത്ത് നീക്കം ചെയ്യും,’ ട്രംപ് വ്യക്തമാക്കി. ബി-2 ബോംബറുകൾ ഉപയോഗിച്ച് തകർക്കപ്പെട്ട ആണവ കേന്ദ്രങ്ങളിലെ അവശിഷ്ടങ്ങളെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്.

ഇറാന്റെ 10 ഇന സമാധാന പദ്ധതിയല്ല, മറിച്ച് 15 ഇന നിർദേശങ്ങൾ അടങ്ങിയ വിപുലമായ കരാറാണ് ചർച്ചയിലുള്ളതെന്നും ട്രംപ് അറിയിച്ചു. ഇതിൽ ഭൂരിഭാഗം കാര്യങ്ങളിലും ഇരുരാജ്യങ്ങളും ധാരണയിലെത്തിക്കഴിഞ്ഞു. ഇറാനുമേലുള്ള ഇറക്കുമതി തീരുവ, സാമ്പത്തിക ഉപരോധങ്ങൾ എന്നിവയിൽ ഇളവ് നൽകുന്ന കാര്യവും ചർച്ചയിലുണ്ട്.

ഇറാനിലേക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്ന രാജ്യങ്ങൾക്ക് അമേരിക്ക കനത്ത തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അത്തരം രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്കുള്ള എല്ലാ ഉൽപന്നങ്ങൾക്കും ഉടനടി 50% അധിക തീരുവ ഏർപ്പെടുത്തുമെന്നാണ് ഭീഷണി. ഇതിൽ ആർക്കും ഇളവുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: