21/04/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേലിലേക്ക് യുദ്ധസാമഗ്രികളുമായി പുറപ്പെട്ട കൂറ്റൻ ചരക്കുകപ്പൽ വളഞ്ഞ് സുമുദ് ഫ്‌ലോട്ടില ബോട്ടുകൾ

 ഇസ്രയേലിലേക്ക് യുദ്ധസാമഗ്രികളുമായി പുറപ്പെട്ട കൂറ്റൻ ചരക്കുകപ്പൽ വളഞ്ഞ് സുമുദ് ഫ്‌ലോട്ടില ബോട്ടുകൾ

റോം: ഇസ്രയേലിലേക്ക് ആയുധ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുമായി പോയ കൂറ്റൻ ചരക്കുകപ്പൽ നടുക്കടലിൽ തടഞ്ഞ് മനുഷ്യാവകാശ പ്രവർത്തകർ. ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാനുഷിക സഹായങ്ങളുമായി സമുദ്രയാത്ര നടത്തുന്ന ‘ഗ്ലോബൽ സുമുദ് ഫ്‌ലോട്ടില’ കൂട്ടായ്മയാണ് സാഹസിക നീക്കം നടത്തിയത്. ലോകത്തെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലുകളിൽ ഒന്നായ ‘എംഎസ്‌സി മായ’യാണ് ഫ്‌ലോട്ടില ബോട്ടുകൾ ചുറ്റും വളഞ്ഞ് തടഞ്ഞത്.

ഇറ്റാലിയൻ ദ്വീപായ സിസിലിക്ക് തെക്കുപടിഞ്ഞാറ് വെച്ചാണ് നടുക്കടലിലെ വൻ പ്രതിഷേധം അരങ്ങേറിയത്. ഇസ്രയേലിലെ അഷ്ദോദിലേക്ക് പോവുകയായിരുന്നു ‘എംഎസ്‌സി മായ’. ഗസ്സയിലെ ജനതയ്ക്ക് അടിയന്തര മാനുഷിക സഹായം എത്തിക്കുന്നതിനായി പുറപ്പെട്ടതായിരുന്നു സുമുദ് ഫ്‌ളോട്ടില സന്നദ്ധ പ്രവർത്തകർ. ഇതിനിടയിലാണ് ഇസ്രായേലിലേക്ക് യുദ്ധസാമഗ്രികളുമായി പോകുന്ന കൂറ്റൻ ചരക്കുകപ്പൽ ഇവരുടെ ശ്രദ്ധയിൽപെടുന്നത്.

കപ്പൽ ഗതാഗതം നിരീക്ഷിക്കുന്ന ‘മറൈൻ ട്രാഫിക്’ വെബ്സൈറ്റ് നൽകുന്ന വിവരമനുസരിച്ച്, സന്നദ്ധ പ്രവർത്തകരുടെ ചെറുകപ്പലുകൾ മായയുടെ സഞ്ചാരപഥം തടസ്സപ്പെടുത്തുകയും പാത തിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു. ഫ്‌ളോട്ടിലയുടെ ഭാഗമായ 13 ബോട്ടുകൾ ചേർന്ന് കൂറ്റൻ കണ്ടെയ്നർ കപ്പലിനെ വളയുകയായിരുന്നു.

ഇസ്രയേലിന്റെ വംശഹത്യാ യുദ്ധനീക്കങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളാണ് കപ്പലിലുള്ളതെന്ന് ആക്ടിവിസ്റ്റുകൾ ആരോപിച്ചു. ‘വംശഹത്യ നടത്തുന്ന ഇസ്രയേലിന്റെ സൈനിക സംവിധാനത്തിലേക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ ഒഴുക്ക് തടയാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ലോകത്തെ സ്വതന്ത്രരായ ജനങ്ങൾ ഇസ്രയേലിന്റെ സൈനികസന്നാഹങ്ങളെ മുട്ടുകുത്തിക്കേണ്ട സമയമാണിത്,’- പ്രതിഷേധക്കാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ജനീവ കൺവെൻഷൻ, വംശഹത്യ വിരുദ്ധ കൺവെൻഷൻ, ആയുധ വ്യാപാര കരാർ എന്നിവ പ്രകാരം ഇസ്രയേലിലേക്കുള്ള ആയുധ കൈമാറ്റം തടയാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി. 1967 മുതൽ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ തുടരുന്നത് നിയമവിരുദ്ധമായ അധിനിവേശമാണെന്ന് ഐക്യരാഷ്ട്രസഭയും സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ പരസ്യമായി ലംഘിക്കപ്പെടുമ്പോൾ നിശബ്ദരായിരിക്കാൻ കഴിയില്ലെന്നും സുമുദ് ഫ്‌ളോട്ടില സംഘം പ്രഖ്യാപിച്ചു.

ഏതാനും മാസങ്ങൾക്കിടെ ഗ്ലോബൽ സുമുദ് ഫ്‌ലോട്ടില ഗസ്സയിലേക്ക് നടത്തുന്ന രണ്ടാമത്തെ ദൗത്യത്തിനിടെയാണു നാടകീയമായ സംഭവങ്ങൾ നടക്കുന്നത്. കഴിഞ്ഞ വർഷം ഇവർ നടത്തിയ പര്യടനം ഫലസ്തീൻ സമുദ്ര അതിർത്തിയോട് അടുത്തെങ്കിലും ഇസ്രയേൽ സൈന്യം അത് തടയുകയും ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബെർഗ്, ആമസോൺ ലേബർ യൂണിയൻ സംഘാടകൻ ക്രിസ് സ്‌മോൾസ് എന്നിവരുൾപ്പെടെയുള്ള സംഘാംഗങ്ങളെ ഇസ്രയേൽ സൈന്യം പിടികൂടി ദിവസങ്ങളോളം ജയിലിലടയ്ക്കുകയും ചെയ്തു.

ഇത്തവണ ഏകദേശം 70 ബോട്ടുകളുടെ കപ്പൽ വ്യൂഹമാണ് ബാഴ്‌സലോണയിൽനിന്ന് യാത്ര തിരിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഡോക്ടർമാരും ആക്ടിവിസ്റ്റുകളും ഇതിൽ പങ്കുചേരുന്നുണ്ട്. ഇസ്രയേലിന്റെ സൈനിക ഉപരോധം കാരണം പട്ടിണിയും മരുന്നുകളുടെ അഭാവവും നേരിടുന്ന ഗസ്സയിലെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ആശ്വാസമെത്തിക്കുക എന്നതാണ് ഈ സാഹസിക യാത്രയുടെ ലക്ഷ്യം.

ഇസ്രയേലിന്റെ കടുത്ത സൈനിക ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും, മെഡിറ്ററേനിയൻ കടലിൽ പ്രതിഷേധം തുടരാനാണ് ആക്ടിവിസ്റ്റുകളുടെ തീരുമാനം. ലോകരാജ്യങ്ങൾ ഇസ്രായേലിന് നൽകുന്ന സൈനിക പിന്തുണ അവസാനിപ്പിക്കണമെന്ന ശക്തമായ സന്ദേശമാണ് കടൽ ഉപരോധത്തിലൂടെ ഇവർ നൽകുന്നത്.

Also read: