മുംബൈയിൽ ബിജെപി റാലി തടഞ്ഞ്, മന്ത്രിയെ നടുറോട്ടില്‍ നിർത്തിപ്പൊരിച്ച് യുവതി
മുംബൈ: വനിതാ സംവരണ ബില്ലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി മുംബൈയിൽ സംഘടിപ്പിച്ച റാലി ജനങ്ങൾക്ക് ദുരിതമായി. കിലോമീറ്ററുകളോളം മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ ക്ഷമ നശിച്ച യാത്രക്കാരി മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനെ നടുറോഡിൽ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.
മുംബൈയിൽ ബിജെപി വനിതാ വിഭാഗം സംഘടിപ്പിച്ച മഹാറാലിക്കിടെയാണ് സംഭവം. നഗരത്തിലെ പ്രധാന പാതകളിൽ മണിക്കൂറുകളോളം വാഹനങ്ങൾ നിശ്ചലമായതോടെ യാത്രക്കാർ വലഞ്ഞു. ഇതിനിടെ കാറിൽ നിന്നിറങ്ങിയ യുവതി, മന്ത്രി ഗിരീഷ് മഹാജൻ സഞ്ചരിച്ച വാഹനത്തിന് അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. പ്രതിഷേധക്കാർക്കും മന്ത്രിയുടെ വാഹനങ്ങൾക്കും ഇടയിലേക്ക് കടന്നുചെന്ന യുവതി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
“ഇവിടെ നിന്ന് ഈ ട്രാഫിക് മാറ്റൂ, ഞങ്ങൾക്ക് പോകണം. ദയവായി ഇത് അവസാനിപ്പിക്കൂ” എന്ന് അവർ ഉച്ചത്തിൽ വിളിച്ചുപറയുന്നത് വീഡിയോയിൽ കാണാം. സ്ത്രീകളെ ആദരിക്കാനാണോ നിങ്ങൾ ഇത്രയും വലിയ റാലി നടത്തുന്നത് എന്നും, ഒരു സ്ത്രീയായ താൻ ഈ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുകയാണെന്നും അവർ മന്ത്രിയോട് നേരിട്ട് ചോദിച്ചു.
യുവതി രോഷാകുലയായി സംസാരിക്കുമ്പോഴും മന്ത്രി ഗിരീഷ് മഹാജൻ എല്ലാം കേട്ടുനിൽക്കുകയായിരുന്നു. റാലി ഉടൻ അവസാനിക്കുമെന്നും ഗതാഗത തടസ്സം നീക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. എന്നാൽ രാഷ്ട്രീയ പാർട്ടികൾ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇത്തരം ശക്തിപ്രകടനങ്ങൾ നടത്തുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു യുവതി.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ മന്ത്രിയെ നേരിട്ട് ചോദ്യം ചെയ്യാനുള്ള യുവതിയുടെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. മുംബൈയിലെ ഗതാഗതക്കുരുക്ക് വലിയ ചർച്ചയായിരിക്കെ, ഭരണകക്ഷി തന്നെ ജനങ്ങളെ വലയ്ക്കുന്നത് രാഷ്ട്രീയമായും വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.