ടിവികെയെ പിന്തുണയ്ക്കില്ലെന്ന് മുസ്‌ലിം ലീഗ്; ഡിഎംകെ സഖ്യത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനം
ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുന്നതിനിടെ, നിർണായക നിലപാടുമായി മുസ്‌ലിം ലീഗ്. ടിവികെയെ പിന്തുണയ്ക്കേണ്ടതില്ലെന്നും നിലവിലെ ഡിഎംകെ സഖ്യത്തിൽ തന്നെ ഉറച്ചുനിൽക്കാനുമാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. നിയമസഭയിൽ രണ്ട് എംഎൽഎമാരാണ് മുസ്‌ലിം ലീഗിനുള്ളത്.
അതേസമയം, എഐഎഡിഎംകെയിലെ ഒരു വിഭാഗം വിജയ്‌യെ പിന്തുണയ്ക്കാനുള്ള നീക്കത്തിലാണ്. സി.വി ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 40 ഓളം എംഎൽഎമാർ ടിവികെയ്ക്കൊപ്പം ചേരാൻ സന്നദ്ധത അറിയിച്ചതായാണ് സൂചന. എന്നാൽ എഐഎഡിഎംകെയുടെ പിന്തുണ നിലവിൽ തങ്ങളുടെ അജണ്ടയിലില്ലെന്നും, അത് വെറുമൊരു ‘പ്ലാൻ സി’ മാത്രമാണെന്നുമാണ് ടിവികെ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ടിവികെ പാളയത്തിലേക്ക് കോൺഗ്രസ് എത്താനുള്ള സാധ്യതകളും തെളിയുന്നുണ്ട്. രണ്ട് മന്ത്രിസ്ഥാനങ്ങളും പ്രധാന ബോർഡ്, കോർപറേഷൻ പദവികളും കോൺഗ്രസ് ടിവികെയ്ക്ക് മുന്നിൽ നിബന്ധനയായി വെച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് തമിഴ്നാട് രാഷ്ട്രീയകാര്യ സമിതിയെ ചുമതലപ്പെടുത്തി.
234 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 118 പേരുടെ പിന്തുണയാണ് വേണ്ടത്. നിലവിൽ 107 എംഎൽഎമാരാണ് ടിവികെയ്ക്കുള്ളത്. കോൺഗ്രസിനൊപ്പം രണ്ട് സീറ്റുകൾ വീതമുള്ള സിപിഐഎം, സിപിഐ എന്നിവരും പിന്തുണച്ചാൽ വിജയ്‌ക്ക് അധികാരം ഉറപ്പിക്കാം. കൂടാതെ വിസികെ കൂടി പിന്തുണ പ്രഖ്യാപിച്ചാൽ ടിവികെയ്ക്ക് അനായാസം ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തൽ.