മുഖ്യമന്ത്രി ചര്‍ച്ചയില്‍ സമവായ നീക്കം; മൂന്നുപേരെയും ചര്‍ച്ചയ്ക്ക് വിളിച്ച് ഹൈക്കമാന്‍ഡ്
ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ സമവായ നീക്കവുമായി ഹൈക്കമാൻഡ്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായി നേരിട്ട് ചർച്ച നടത്താനാണ് എഐസിസി നേതൃത്വത്തിന്റെ തീരുമാനം. ഫോൺ വഴിയുള്ള ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ സതീശനെയും ചെന്നിത്തലയെയും ഉടൻ ഡൽഹിയിലേക്ക് വിളിപ്പിക്കും. എംഎൽഎമാരുടെ നിലപാടും ഘടകകക്ഷികളുടെ താല്പര്യവും പൊതുജന വികാരവും വിശകലനം ചെയ്തുള്ള റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദത്തിൽ നിന്ന് സ്വയം പിന്മാറാൻ കെ.സി. വേണുഗോപാലിനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായാണ് സൂചന. ജനവികാരം കണക്കിലെടുത്താണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇന്ന് രാവിലെ പത്ത് മണിയോടെ എഐസിസി നിരീക്ഷകരുടെ അടിയന്തര യോഗം ചേർന്നിരുന്നു.
കേരളത്തിൽ വി.ഡി. സതീശന് അനുകൂലമായ പൊതുവികാരം നിലനിൽക്കുന്നുണ്ടെന്നാണ് നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ടിലുള്ളത്. എന്നാൽ ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്നത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സങ്കീർണ്ണമായ തർക്കം പരിഹരിക്കാനായി കെ.സിയോട് മാറിനിൽക്കാൻ നേതൃത്വം ആവശ്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.