വിജയ്‌യിയെ പിന്തുണയ്ക്കാൻ ലീഗിനെയും വിസികെയെയും നിർബന്ധിച്ചത് സ്റ്റാലിൻ; കേന്ദ്ര ഇടപെടൽ തടയാൻ ഡിഎംകെ നയതന്ത്രം
ചെന്നൈ: നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത് ഡി.എം.കെ സഖ്യകക്ഷികളുടെ പിന്തുണയോടെയാണെന്നും ഇതിന് വഴിയൊരുക്കിയത് എം.കെ സ്റ്റാലിന്റെ ഇടപെടലാണെന്നും വെളിപ്പെടുത്തൽ. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉടലെടുക്കുകയും അതുവഴി കേന്ദ്രത്തിന്റെ ഇടപടലുണ്ടാകുകയും ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കുകയായിരുന്നു ഇതിലൂടെ സ്റ്റാലിൻ ലക്ഷ്യമിട്ടത്. സഖ്യകക്ഷികളുമായി നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് അവരെ തമിഴക വെട്രി കഴകത്തിന്(ടി.വി.കെ) പിന്തുണ നൽകാൻ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി പ്രേരിപ്പിച്ചതെന്ന് ഡി.എം.കെ വക്താവ് എ. ശരവണൻ വെളിപ്പെടുത്തി.
‘ഡി.എം.കെ സഖ്യകക്ഷികളുടെ സഹായത്തോടെയാണ് വിജയിക്ക് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത്. തമിഴ്നാട്ടിൽ ഒരു ഭരണഘടനാ പ്രതിസന്ധി ഉണ്ടാകാൻ ഞങ്ങളുടെ നേതാവ് എം.കെ സ്റ്റാലിൻ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് സഖ്യകക്ഷികളുമായി ചർച്ച നടത്തി അവരെ വിജയിക്കൊപ്പം ചേരാൻ അദ്ദേഹം പ്രേരിപ്പിച്ചത്.’ – എ. ശരവണൻ
ശനിയാഴ്ച രാത്രിയോടെയാണ് തമിഴ്നാട്ടിൽ ഒരാഴ്ചയായി നിലനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അറുതിയായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവ് വിജയിയുടെ ടി.വി.കെ നേരിട്ടിരുന്നു. ഇതിനിടെ രണ്ട് മണ്ഡലങ്ങളിൽ (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) വിജയിച്ച വിജയ് ഒരു സീറ്റ് രാജിവെച്ചതോടെ പാർട്ടിയുടെ അംഗബലം 107 ആയി കുറയുകയും ചെയ്തു.
തുടർന്ന് നടന്ന നാടകീയ നീക്കങ്ങളിലൂടെയാണ് വിജയ് ഭൂരിപക്ഷം ഉറപ്പിച്ചത്. ഡിഎംകെ സഖ്യത്തിൽ മത്സരിച്ച് അഞ്ച് സീറ്റ് നേടിയ കോൺഗ്രസ് ആണ് ആദ്യം ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഡിഎംകെയുമായി കൂടിയാലോചിക്കാതെയായിരുന്നു ഈ നീക്കം. അതേസമയം, സ്റ്റാലിനുമായി ആശയവിനിമയം നടത്തിയ ശേഷം രണ്ടു വീതം അംഗങ്ങളുള്ള സി.പി.ഐയും സി.പി.എമ്മും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ അംഗബലം 116 ആയി.
എന്നാൽ, സർക്കാർ രൂപീകരിക്കാനുള്ള മാന്ത്രികസംഖ്യ അപ്പോഴും അകലെ തന്നെ നിന്നു. ഒടുവിൽ ശനിയാഴ്ച വിടുതലൈ ചിരുതൈഗൾ കക്ഷി (വി.സി.കെ), മുസ്ലിം ലീഗ് എന്നിവരുടെ പിന്തുണ കൂടി ലഭിച്ചതോടെയാണ് സഖ്യത്തിന്റെ ആകെ ബലം 120 ആയത്. സ്റ്റാലിന്റെ നിർദേശത്തെ തുടർന്നായിരുന്നു ഇരു പാർട്ടികളും പുറത്തുനിന്ന് പിന്തുണ നൽകാൻ തയാറായത്. നേരത്തെ, കാബിനറ്റ് പദവി വാഗ്ദാനവുമായി ടിവികെ നേതാക്കൾ ലീഗ്, വിസികെ നേതാക്കളെ കണ്ടെങ്കിലും അവർ ഡിഎംകെ സഖ്യത്തിൽ തുടരുമെന്ന് വ്യക്തമാക്കുകയായിരുന്നു.
234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന മാന്ത്രിക സംഖ്യ മറികടന്നതോടെ വിജയ് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുകയായിരുന്നു. സഖ്യകക്ഷികളുടെ പിന്തുണ കത്തുകൾ ഗവർണർക്ക് കൈമാറിയതിനെത്തുടർന്നാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വിജയിയെ ക്ഷണിച്ചത്. ഞായറാഴ്ച രാവിലെ ഒൻപതോടെയാണ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മെയ് 13-നകം നിയമസഭയിൽ വിശ്വാസവോട്ട് തേടാൻ ഗവർണർ പുതിയ മുഖ്യമന്ത്രിയോട് നിർദേശിച്ചിട്ടുണ്ട്.