ബംഗാൾ ചീഫ് ഇലക്ഷൻ ഓഫിസറെ ചീഫ് സെക്രട്ടറിയായി പ്രഖ്യാപിച്ച് ബിജെപി സർക്കാർ; ഉളുപ്പില്ലായ്മയെന്ന് തൃണമൂൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുതിയ ചീഫ് സെക്രട്ടറിയായി മനോജ് അഗർവാളിനെ ബിജെപി സർക്കാർ നിയമിച്ചു. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന മനോജ് അഗർവാളിന്റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിലവിലെ ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാലയ്ക്ക് പകരക്കാരനായാണ് 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അഗർവാൾ ചുമതലയേൽക്കുന്നത്. ഇതോടൊപ്പം, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ സുബ്രത ഗുപ്തയെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഉപദേശകനായും നിയമിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ഈ നിയമനമെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബംഗാളിൽ നടന്ന തെരഞ്ഞെടുപ്പ് നീതിയുക്തമായിരുന്നില്ല എന്ന തങ്ങളുടെ വാദം ഇതോടെ ശരിവെക്കപ്പെട്ടതായി തൃണമൂൽ നേതാക്കൾ പ്രതികരിച്ചു. ജൂണിൽ വിരമിക്കാനിരിക്കെ, ഇത്ര ചെറിയ കാലയളവിലേക്ക് അഗർവാളിനെ നിയമിച്ചതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
സർക്കാർ നടപടി നാണക്കേടാണെന്ന് തൃണമൂൽ നേതാവ് സാകേത് ഗോഖലെ വിമർശിച്ചു. ജനവിധി അട്ടിമറിക്കാനാണ് ബിജെപി ശ്രമിച്ചതെന്നും ഇതിനെതിരെ കോടതികൾ നിശബ്ദത പാലിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. “തീർത്തും അവിചാരിതം” എന്നായിരുന്നു ഡെറക് ഒബ്രിയന്റെ പരിഹാസം. എന്നാൽ, നിയമനം പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാണെന്നും ഭരണഘടനാനുസൃതമായ നിയമവാഴ്ച ഉറപ്പാക്കുമെന്നുമാണ് ബിജെപിയുടെ വിശദീകരണം.