14/05/2026
[fontresizer_tawhidurrahmandear_widget]

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലയാളി സംഘത്തിലെ മുഖ്യകണ്ണി ക്ഷത്രിയ മഹാസഭ നേതാവ്; പിടിയിലായത് ബിജെപി നേതാവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങും വഴി

 സുവേന്ദു അധികാരിയുടെ പി.എയുടെ കൊലയാളി സംഘത്തിലെ മുഖ്യകണ്ണി ക്ഷത്രിയ മഹാസഭ നേതാവ്; പിടിയിലായത് ബിജെപി നേതാവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങും വഴി

രാജ് സിങ്, ചന്ദ്രനാഥ് രഥ്, സുവേന്ദു അധികാരി

കൊൽക്കത്ത/ലഖ്നൗ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റും വിശ്വസ്തനുമായ ചന്ദ്രനാഥ് രഥിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. പോലീസ് പിടിയിലായ രാജ് സിങ് ഉത്തർപ്രദേശിലെ പ്രമുഖ ക്ഷത്രിയ സംഘടനാ നേതാവാണ്. കൊലയാളി സംഘത്തിലെ മുഖ്യകണ്ണിയെന്ന് കരുതപ്പെടുന്ന ഇയാൾ ഓൾ ഇന്ത്യ ക്ഷത്രിയ മഹാസഭയുടെ ഉത്തർപ്രദേശ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയാണ്. അയോധ്യയിൽ വെച്ചാണ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ(എസ്‌ഐടി) വലയിലാകുന്നത്. യുപിയിലെ ബിജെപി എംഎൽസി നേതാവിന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.

ബിജെപി എംഎൽസി രവിശങ്കർ സിങ് എന്ന പപ്പു സിങ്ങിന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം അമ്മയോടൊപ്പം മടങ്ങുന്നതിനിടെയാണ് രാജ് സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തന്റെ മകനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് രാജ് സിങ്ങിന്റെ അമ്മ ജംവന്തി സിങ് ആരോപിച്ചു. മെയ് ഏഴിന് ലഖ്നൗവിൽ നടന്ന പപ്പു മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് താനും മകനും പോയതെന്ന് അവർ പറഞ്ഞു. രാജിന്റെ സുഹൃത്ത് മോനു സിങ്, ഡ്രൈവർ, ഒരു ഫോട്ടോഗ്രാഫർ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ലഖ്നൗവിൽ എത്തിയത്.

മെയ് എട്ടിന് അംബേദ്കർ നഗറിലെ ഒരു ദർഗയിൽ ദർശനം നടത്തിയ ശേഷം അവിടുത്തെ ഹോട്ടലിൽ തങ്ങി. മെയ് ഒൻപതിന് അയോധ്യയിൽ ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഹൈവേയിലെ ഒരു ഭക്ഷണശാലയിൽ വെച്ചാണ് പോലീസ് തങ്ങളെ തടഞ്ഞത്. അഞ്ചുപേരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മെയ് 10-ന് ഉച്ചയ്ക്ക് മകനെ കാണാൻ അനുവദിച്ചതായും അവനെ വിമാനമാർഗം കൊൽക്കത്തയിലേക്ക് കൊണ്ടുപോവുകയാണെന്ന് പോലീസ് അറിയിച്ചതായും ജംവന്തി സിങ് വെളിപ്പെടുത്തി.

ഉത്തർപ്രദേശിലെ ബല്ലിയ സ്വദേശിയായ രാജ് സിങ്, ഓൾ ഇന്ത്യ ക്ഷത്രിയ മഹാസഭയുടെ യുപിയിലെ പ്രമുഖ നേതാവായാണ് അറിയപ്പെടുന്നത്. ഉത്തർപ്രദേശിലെ പ്രമുഖ മന്ത്രിമാർക്കും ബിജെപി നേതാക്കൾക്കും ഒപ്പമുള്ള ചിത്രങ്ങൾ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇയാളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ ‘മിഷൻ 2026’ എന്ന പോസ്റ്റുകൾ കൊലപാതകത്തിന് രാഷ്ട്രീയ മാനങ്ങളുണ്ടോ എന്ന സംശയം വർധിപ്പിക്കുന്നു. പ്രൊഫഷണൽ ഷാർപ്പ് ഷൂട്ടറായ രാജ് സിങ്ങിന് ഉത്തർപ്രദേശിലെയും ബീഹാറിലെയും ക്രിമിനൽ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് സിബിഐയും പോലീസും കരുതുന്നു.

ബംഗാൾ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ചന്ദ്രനാഥ് രഥ് കൊലക്കേസ് സിബിഐ ഔദ്യോഗികമായി ഏറ്റെടുത്തിട്ടുണ്ട്. ബിഹാർ, ഉത്തർപ്രദേശ് സ്വദേശികളായ വിശാൽ ശ്രീവാസ്തവ, മയങ്ക് മിശ്ര, വിക്കി മൗര്യ എന്നിവരും കേസിൽ പിടിയിലായി. ഇവരെ കൊൽക്കത്ത കോടതി 13 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

മെയ് ആറിന് അർധരാത്രി മധ്യഗ്രാമിൽ വെച്ചാണ് സുവേന്ദുവിന്റെ തന്ത്രജ്ഞനായിരുന്ന ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ബംഗാളിൽ ആരംഭിച്ച സംഘർഷങ്ങൾക്കിടെയായിരുന്നു ഞെട്ടിപപ്പിക്കുന്ന സംഭവം. എട്ടോളം പേർ അടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. ഗ്ലോക്ക് തോക്കുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചാണ് മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കൂടിയായ ചന്ദ്രനാഥ് രഥിനെ വെടിവെച്ചു കൊന്നത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അന്തർസംസ്ഥാന ക്രിമിനലുകളെ വാടകയ്ക്കെടുത്താണോ ഈ കൊലപാതകം നടത്തിയത് എന്നതിലേക്കാണ് സിബിഐയുടെ അന്വേഷണം നീളുന്നത്.

ഭവാനിപൂരിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ തന്ത്രജ്ഞനായിരുന്നു ചന്ദ്രനാഥ് രഥ്. തെരഞ്ഞെടുപ്പ് ഫലം വന്ന് 48 മണിക്കൂറിനുള്ളിൽ നടന്ന കൊലപാതകം രാഷ്ട്രീയ പകപോക്കലാണെന്നാണ് ബിജെപി തുടക്കത്തിൽ ആരോപിച്ചിരുന്നത്. തൃണമൂലിനെ ലക്ഷ്യമിട്ടായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണങ്ങളെല്ലാം. അതേസമയം, തങ്ങളുടെ ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളഞ്ഞ തൃണമൂൽ കോൺഗ്രസ് തന്നെയാണ് കേസ് സിബിഐയ്ക്ക് വിടണമെന്ന് ആദ്യം ആവശ്യപ്പെട്ടത്.

Also read: