17/06/2026
[fontresizer_tawhidurrahmandear_widget]

‘കേന്ദ്രത്തിലെ ബിജെപി ഭരണം അധികം വൈകാതെ അവസാനിപ്പിക്കും’: ടിഎംസി എംഎൽഎമാരുടെ യോഗത്തിൽ മമത ബാനർജി

 ‘കേന്ദ്രത്തിലെ ബിജെപി ഭരണം അധികം വൈകാതെ അവസാനിപ്പിക്കും’: ടിഎംസി എംഎൽഎമാരുടെ യോഗത്തിൽ മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് ആഹ്വാനം ചെയ്‌ത്‌ തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജി. വരും ദിവസങ്ങളിൽ ഡൽഹിയിലെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് കാളിഘട്ടിൽ നടന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ മമത ബാനർജി പ്രഖ്യാപിച്ചു.

എന്ത് പ്രതിസന്ധിയുണ്ടായാലും ബിജെപിക്കെതിരായ പോരാട്ടത്തിൽ നിന്ന് പാർട്ടി ഒരടി പോലും പിന്നോട്ടില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും വ്യക്തമാക്കി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പ്രസംഗത്തിനിടെ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കെതിരെ കടുത്ത രാഷ്ട്രീയ ആക്രമണമാണ് അഴിച്ചുവിട്ടത്. ക്യാമറയ്ക്ക് മുന്നിൽ പണം വാങ്ങുന്നത് രാജ്യം കണ്ട വ്യക്തിയെയാണ് ഇപ്പോൾ മുഖ്യമന്ത്രിയാക്കിയിരിക്കുന്നതെന്നും, ബംഗാളിന് ഇതിനുമുമ്പ് ഉണ്ടായ മുഖ്യമന്ത്രിമാരിൽ ആരും ഇതുപോലൊരാളായിരുന്നില്ലെന്നും പരിഹസിച്ചു.

തന്റെ വീട് ഇടിച്ചുനിരത്തിയാലും നോട്ടീസുകൾ അയച്ചാലും ഇത്തരം കാര്യങ്ങൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ബിജെപിക്കെതിരായ പോരാട്ടം തുടരുമെന്നും അഭിഷേക് ബാനർജി കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി ബംഗാളിൽ അധികാരത്തിലെത്തിയത്. ശക്തമായ മത്സരത്തിനൊടുവിൽ 80 സീറ്റുകൾ മാത്രമാണ് ടിഎംസിക്ക് നേടാനായത്. എന്നാൽ, ഈ തകർച്ചയ്ക്ക് ശേഷവും പാർട്ടി അണികളിൽ ആത്മവിശ്വാസം നിറയ്ക്കാനും അടുത്ത പോരാട്ടത്തിന് അവരെ സജ്ജരാക്കാനുമുള്ള നീക്കത്തിലാണ് ടിഎംസി നേതൃത്വം.

Also read: