ഒന്നര വയസുകാരന്‍റെ ശരീരത്തിൽ 51 മുറിവുകൾ, ജനനേന്ദ്രിയത്തിൽ തൊലി പോയി; അര്‍ഷിദിൻ്റെ മരണത്തിൽ അമ്മയ്ക്കും രണ്ടാം ഭർത്താവിനുമെതിരെ കൊലപാതകക്കുറ്റം
തിരുവനന്തപുരം: നെടുമങ്ങാട് കരിക്കുഴിയിൽ ഒന്നര വയസുകാരൻ അർഷിദിന്റെ മരണത്തിൽ അമ്മ അഖിലയുടെയും രണ്ടാം ഭർത്താവ് അഷ്കറിന്റെയും ക്രൂരതകൾ പുറത്തുവന്നു. കുഞ്ഞിനെ മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇരുവരുടേയും പേരിൽ പോലീസ് കൊലപാതകക്കുറ്റം ചുമത്തി. തുടർച്ചയായ മർദ്ദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്റെ മരണത്തിന് കാരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിലാകെ 51 ഗുരുതര മുറിവുകളാണുണ്ടായിരുന്നത്. ജനനേന്ദ്രിയത്തിലെ തൊലി വരെ ഉരിഞ്ഞുപോയ നിലയിലായിരുന്നു.
ചുള്ളിമാനൂർ പറക്കുളി സ്വദേശിയായ അഖിലായിരുന്നു അഖിലയെ ആദ്യം വിവാഹം കഴിച്ചത്. രണ്ട് വർഷം മുൻപ് അഖിൽ മരണപ്പെട്ടു. ആ സമയം അഖില ഗർഭിണിയായിരുന്നു. ഭർതൃ വീട്ടുകാരുമായി സഹകരണം കുറവായിരുന്ന അഖില, കുഞ്ഞ് ജനിച്ച ശേഷം മാറി താമസിച്ചു. ഇതിനിടെയാണ് അഷ്കറിനെ പരിചയപ്പെടുന്നതും ഒരുമിച്ച് താമസിക്കാൻ തുടങ്ങുന്നതും. കുഞ്ഞിന് ആറ് മാസമായപ്പോൾ അഖില തന്റെ അമ്മ റീനയെ കുഞ്ഞിനെ ഏൽപ്പിച്ചു. സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന റീനയ്ക്ക് ജോലിത്തിരക്കുകൾ കാരണം കുഞ്ഞിനെ വേണ്ടവിധം നോക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് റീനയും അഖിലയും തമ്മിൽ വഴക്ക് പതിവായിരുന്നു. ഒടുവിൽ കുഞ്ഞുമായി റീന നെടുമങ്ങാട് പോലീസിൽ എത്തുകയും അഖിലയ്ക്കെതിരെ പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് അഖിലയെ വിളിപ്പിക്കുകയും കുഞ്ഞിനെ അമ്മയോടൊപ്പം തന്നെ വിടാൻ തീരുമാനിക്കുകയുമായിരുന്നു.
എന്നാൽ കുഞ്ഞിനെ കൊണ്ടുപോകാൻ വന്ന സമയത്ത്, താൻ കുഞ്ഞിനെ പുഴുത്ത പട്ടിയെപ്പോലെ നോക്കുമെന്ന് അഷ്കർ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. അഖിലയുടെ കള്ളക്കണ്ണീരിലും നാടകത്തിലും പോലീസും വീണുപോയി. ഇതിന് ശേഷം കുഞ്ഞിനെ ഇവർ ക്രൂരമായി മർദ്ദിക്കുന്നുവെന്ന വിവരം പുറത്തുവന്നെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല. കുഞ്ഞിന്റെ ഇരുകൈകൾക്കും പരിക്കേറ്റ സമയത്തും കുട്ടി സൈക്കിളിൽ നിന്ന് വീണതാണെന്ന അമ്മയുടെ മൊഴിയാണ് പോലീസ് വിശ്വസിച്ചത്. കുഞ്ഞിന്റെ മരണശേഷവും അഖില ആശുപത്രിയിൽ കള്ളങ്ങൾ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. കുഞ്ഞിന്റെ കൈ ഒടിഞ്ഞത് വീണപ്പോഴാണെന്നും ശരീരത്തിലെ മറ്റ് പൊള്ളലുകൾ തിളച്ച വെള്ളം വീണുണ്ടായതാണെന്നുമാണ് ഇവർ പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ കുഞ്ഞ് നേരിട്ട കൊടും ക്രൂരതകൾ പുറത്തുവന്നതോടെ അഖിലയുടെയും അഷ്കറിന്റെയും കള്ളങ്ങൾ പൊളിയുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.