ഭിത്തിയിൽ തലയിടിപ്പിച്ചു, ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു, മർദിച്ച് കോമയിലാക്കി; ആദ്യ ഭാര്യയോടും അഷ്കറിന്റെ കൊടും ക്രൂരത
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി അഷ്കറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ആദ്യ ഭാര്യ ആമിനയുടെ മാതാവ് ഷജീല ബീവി രംഗത്ത്. തന്റെ മകൾ ആമിനയേയും അഷ്കർ മുൻപ് ക്രൂരമായി മർദിച്ചിരുന്നുവെന്നും ഇതേ തുടർന്ന് മകൾക്ക് ബോധം നഷ്ടപ്പെട്ടിരുന്നുവെന്നും ഷജീല ബീവി മാധ്യമങ്ങളോട് വ്യക്തമാക്കി. ആമിനയെ ജീവനോടെ ഫാനിൽ കെട്ടിതൂക്കാൻ പോലും അഷ്‌കർ ശ്രമിച്ചിരുന്നു. ഈ ക്രൂരതകൾക്കെല്ലാം ഇയാളുടെ സഹോദരിയും അമ്മയും ഒത്താശ ചെയ്തതായും ഷജീല ആരോപിക്കുന്നു. അഷ്‌കറിൻ്റെ കടുത്ത മർദനത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി മകൾ ആമിന പൂർണ്ണമായി കിടപ്പിലായിരുന്നു.
അടുത്ത കാലത്താണ് മകൾക്ക് ഓർമ വീണ്ടെടുക്കാനായതെങ്കിലും ഇപ്പോഴും പൂർണ്ണമായ ആരോഗ്യം തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ല. ഇതോടൊപ്പം, ആമിനയുടെ സഹോദരൻ്റെ മുൻപുണ്ടായ അസ്വാഭാവിക മരണത്തിലും അഷ്കറിന് പങ്കുണ്ടോ എന്ന് ഈ അമ്മ ആശങ്ക പങ്കുവെക്കുന്നുണ്ട്. തന്റെ മകനെ കൊല്ലുമെന്ന് അഷ്കർ പല തവണ ഭീഷണിപ്പെടുത്തിയിരുന്നതായും അവർ കൂട്ടിച്ചേർത്തു. അതേസമയം, ആമിനയുമായുള്ള വിവാഹബന്ധം അഷ്‌കർ നിയമപരമായി വേർപ്പെടുത്തിയിരുന്നില്ല. ഇതിനിടെയാണ്, ഭർത്താവ് ജീവനൊടുക്കിയതിനു പിന്നാലെ ഒരു മാസം മുൻപ് അഖില എന്ന യുവതി സ്വന്തം കുട്ടിയുമൊത്ത് അഷ്കറിനൊപ്പം താമസം തുടങ്ങിയതും ഇപ്പോൾ കുഞ്ഞ് ക്രൂരമായി കൊല്ലപ്പെട്ടതും.