ഇന്ധന വിലയിൽ അന്ന് പറഞ്ഞത് ഇന്ന് നടത്തണമെന്ന് ബാലഗോപാൽ; നിങ്ങളുടെ 3000 കോടിയോളം രൂപയുടെ കടം തീർക്കാനുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. മുഖ്യമന്ത്രി വി.ഡി സതീശന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് വിലക്കയറ്റമുണ്ടെന്ന പ്രതിപക്ഷ ആരോപണം ഭാഗികമായി ശരിവെച്ച മുഖ്യമന്ത്രി, പശ്ചിമേഷ്യൻ സംഘർഷമാണ് ഇതിന് കാരണമെന്നും വില നിയന്ത്രിക്കാൻ സർക്കാർ ശക്തമായി ഇടപെടുന്നുണ്ടെന്നും വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ആരോപണങ്ങൾക്ക് ധവളപത്രത്തിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എൻ ബാലഗോപാലാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. മാർച്ച് 31-ന് ശേഷം ഉത്പന്നങ്ങൾക്ക് ഭീമമായ വിലവർധനവാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാണിജ്യ സിലിണ്ടർ വില 1883 രൂപയിൽ നിന്ന് 3133 രൂപയായി ഉയർന്നു. പെട്രോൾ, ഡീസൽ വിലവർധനവ് മൂലം ഹോട്ടൽ, നിർമാണ മേഖലകൾ പ്രതിസന്ധിയിലാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോൾ സംസ്ഥാന ടാക്സ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ഇന്നത്തെ മുഖ്യമന്ത്രി, അന്ന് പറഞ്ഞ കാര്യങ്ങൾ പാലിച്ച് അധികനികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് ബാലഗോപാൽ ആവശ്യപ്പെട്ടു.
എന്നാൽ, മുൻ ഇടതുസർക്കാർ 3000 കോടിയോളം രൂപയുടെ (കൃത്യമായി 2893 കോടി രൂപ) കടം ബാക്കിവെച്ചാണ് പോയതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ മറുപടി നൽകി. വിലക്കയറ്റം നിയന്ത്രിക്കേണ്ട സിവിൽ സപ്ലൈസ് കോർപറേഷന് ഈ തുക നൽകിയാൽ മാത്രമേ വിപണിയിൽ ഫലപ്രദമായി ഇടപെടാൻ സാധിക്കൂ. 2016 മുതൽ 2025 ജനുവരി വരെ ഇന്ധന വിലവർധനവിലൂടെ 3100 കോടിയുടെ അധിക വരുമാനം ഉണ്ടായിട്ടും മുൻ സർക്കാർ നികുതി കുറച്ചില്ല. അന്ന് നികുതി കുറയ്ക്കുന്ന മണ്ടത്തരങ്ങൾ കാണിക്കില്ലെന്ന് പറഞ്ഞവരാണ് ഇപ്പോൾ തങ്ങളെ ഉപദേശിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.