04/06/2026
[fontresizer_tawhidurrahmandear_widget]

‘മാറ്റം വരുമെന്ന് കരുതി ബിജെപിക്ക് വോട്ട് ചെയ്തു; എന്നിട്ടും അവർ ഞങ്ങളുടെ കടയും വീടും തകർത്തു’

 ‘മാറ്റം വരുമെന്ന് കരുതി ബിജെപിക്ക് വോട്ട് ചെയ്തു; എന്നിട്ടും അവർ ഞങ്ങളുടെ കടയും വീടും തകർത്തു’

കൊൽക്കത്ത: ബംഗാളിൽ ബിജെപിക്ക് വോട്ട് ചെയ്തിട്ടും ബുൾഡോസർ രാജിനിരയായെന്നു പരാതിയുമായി കുടുംബം. ‘പരിബർത്തൻ'(മാറ്റം) പ്രതീക്ഷിച്ച് തങ്ങളുടെ കുടുംബം ബിജെപിക്ക് വോട്ട് ചെയ്തിട്ടും അധികാരികൾ തങ്ങളുടെ കടയും വീടും ബുൾഡോസർ ഉപയോഗിച്ച് തകർത്തുവെന്ന് ഒരു സ്ത്രീ പൊട്ടിക്കരഞ്ഞു പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. കൊൽക്കത്തയിൽ നടന്ന ബുൾഡോസർ നടപടിയിലാണു കുടുംബത്തിന്റെ വീടും ജീവനോപാധിയായിരുന്ന കടമുറിയും തകർത്തത്

‘മാറ്റത്തിന് .വേണ്ടിയാണ് ഞങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ അവർ ഞങ്ങളുടെ കടയും വീടും ബുൾഡോസർ കൊണ്ടുവന്നു തകർത്തു കളഞ്ഞു. ഇനി ഞാൻ എങ്ങനെ എന്റെ കുട്ടികളെ വളർത്തും? കുടുംബത്തിന് എങ്ങനെ ഭക്ഷണം നൽകും? സാധനങ്ങൾ മാറ്റിസ്ഥാപിക്കാൻ പോലും അവർ ഞങ്ങൾക്ക് സമയം തന്നില്ല. ഞങ്ങൾ എങ്ങനെ ജീവിക്കുമെന്നോ എവിടെ താമസിക്കുമെന്നോ ഉള്ള ഒരു കരുതലും ഈ ഗവൺമെന്റിനില്ല.’-വീഡിയോയിൽ വീട്ടമ്മ കരഞ്ഞുകൊണ്ടു പറഞ്ഞു.

‘മാറ്റത്തിന്റെ ഗുണം ആസ്വദിക്കൂ മാഡം, ഇപ്പോൾ എന്തിനാണ് കരയുന്നത്?’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നത്. ‘നിങ്ങൾ എന്തിനാണോ വോട്ട് ചെയ്തത് അത് നിങ്ങൾക്ക് ലഭിച്ചു’, ‘അനധികൃത കയ്യേറ്റങ്ങളോട് ഒരു സഹതാപവുമില്ല’ തുടങ്ങിയ പ്രതികരണങ്ങളാണ് കമന്റ് ബോക്‌സുകളിൽ നിറയുന്നത്.

കൊൽക്കത്തയുടെ ചില ഭാഗങ്ങളിൽ അനധികൃത കടകൾ, നടപ്പാത കയ്യേറ്റങ്ങൾ, അനുമതിയില്ലാത്ത കെട്ടിടങ്ങൾ എന്നിവയ്ക്കെതിരെ നടന്നുവരുന്ന വ്യാപകമായ ഒഴിപ്പിക്കൽ നടപടികളുടെ ഭാഗമായാണു കുടുംബത്തിനെതിരെയും നടപടിയുണ്ടായതെന്നാണ് ബിജെപി അനുകൂലികൾ വാദിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുൾഡോസർ നടപടികൾ തുടരുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് ഓഫീസുകൾ മുതൽ ബിരിയാണിക്കടകളും വീടുകളുമെല്ലാം തകർത്തതായി പരാതി ഉയർന്നിട്ടുണ്ട്.

Also read: