24/07/2026
[fontresizer_tawhidurrahmandear_widget]

‘അർദ്ധരാത്രി വീഡിയോയിൽ ‘മൻ കീ ബാത്ത്’ നടത്താതെ പാർലമെന്റിൽ മറുപടി പറയൂ’; മോദിക്കെതിരെ ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർഗെ

 ‘അർദ്ധരാത്രി വീഡിയോയിൽ ‘മൻ കീ ബാത്ത്’ നടത്താതെ പാർലമെന്റിൽ മറുപടി പറയൂ’; മോദിക്കെതിരെ ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർഗെ

നരേന്ദ്ര മോദി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡൽഹി: നീറ്റ്-യു.ജി 2026 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തണുപ്പിക്കാൻ അർദ്ധരാത്രിയിൽ വീഡിയോ സന്ദേശം പുറത്തുവിട്ട് രക്ഷപ്പെടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും, പ്രതിഷേധിച്ച വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാർലമെൻ്റിന് പുറത്ത് പ്രസ്‌താവന നടത്തുന്നതിന് പകരം സഭയ്ക്കുള്ളിൽ വന്ന് സംസാരിക്കണമെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഖാർഗെ വ്യക്തമാക്കി. പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോൾ പ്രധാനമന്ത്രി സഭയിൽ പ്രസ്‌താവന നടത്തുകയാണ് വേണ്ടതെന്നും അല്ലാതെ രാത്രി വൈകി വീഡിയോ റെക്കോർഡ് ചെയ്‌ത്‌ പാർലമെൻ്റിന് പുറത്ത് ഏകപക്ഷീയമായ ‘മൻ കീ ബാത്ത്’ നടത്തുകയല്ല വേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു.

“നരേന്ദ്രമോദി ജി, ഇന്ന് പാർലമെന്റിൽ വരുന്നതിന് മുമ്പ്, ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കൂ. ആദ്യം, വിദ്യാർത്ഥികളോട് മാപ്പ് പറയുകയും വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്താൻ ലാത്തികളും ബാറ്റണുകളും പെല്ലറ്റ് ഗണ്ണുകളും ഉപയോഗിക്കാൻ ഉത്തരവിട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുക. അതിനുശേഷം വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് വിശദമായ ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്,” എന്ന് ഖാർഗെ തന്റെ കുറിപ്പിൽ വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടവർക്കെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷയും വിചാരണയ്ക്ക് അതിവേഗ കോടതികളും വ്യവസ്ഥ ചെയ്യുന്ന കരട് ബിൽ കേന്ദ്ര മന്ത്രിസഭ പരിഗണിക്കുമെന്നും അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് ഖാർഗെയുടെ ഈ പ്രതികരണം വന്നത്.

വീഡിയോ പുറത്തുവിട്ട് വിഷയം ലഘൂകരിക്കാനുള്ള മോദിയുടെ നീക്കത്തിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിക്കായി ശബ്ദമുയർത്തുന്ന വിദ്യാർത്ഥികളുടെ ബുദ്ധിയെ പരിഹസിക്കരുതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്കുമുന്നിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് രാഹുൽ മുന്നോട്ടുവെച്ചത്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കുക, സമരം ചെയ്ത വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെ കർശന നടപടിയെടുക്കുക, വിഷയത്തിൽ വിദ്യാർത്ഥികളോട് മാപ്പുപറയുക എന്നിവയായിരുന്നു ആ ആവശ്യങ്ങൾ. പ്രധാനമന്ത്രി വീഡിയോ പുറത്തുവിട്ട് ഒരു മണിക്കൂറിനകം തന്നെ രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.

Also read: