26/07/2026
[fontresizer_tawhidurrahmandear_widget]

‘ഞാൻ പണം വാങ്ങിയാൽ ‘കോഴ’, രാഷ്ട്രീയക്കാരൻ വാങ്ങിയാൽ ‘സംഭാവന’; പത്മഭൂഷൻ ലഭിച്ചതിൽ സംശയമുള്ളവർക്ക് മറുപടിയായി അമിത് ഷായുടെ കത്ത്’; വെള്ളാപ്പള്ളി നടേശൻ

 ‘ഞാൻ പണം വാങ്ങിയാൽ ‘കോഴ’, രാഷ്ട്രീയക്കാരൻ വാങ്ങിയാൽ ‘സംഭാവന’; പത്മഭൂഷൻ ലഭിച്ചതിൽ സംശയമുള്ളവർക്ക് മറുപടിയായി അമിത് ഷായുടെ കത്ത്’; വെള്ളാപ്പള്ളി നടേശൻ

കൊല്ലം: തനിക്ക് പത്മഭൂഷൻ പുരസ്കാരം ലഭിച്ചതിൽ സംശയം പ്രകടിപ്പിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ കത്തെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുരസ്കാരം നൽകിയതിന്റെ കാരണങ്ങൾ ആ കത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും, തനിക്ക് ലഭിച്ച ഈ സുപ്രധാന ബഹുമതി സമുദായത്തിന് സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാരിൽ നിന്ന് എസ്.എൻ.ഡി.പിക്ക് പ്രത്യേക സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും തങ്ങൾ അത്തരം ആവശ്യങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിനായി ഇന്റർവ്യൂ നടത്താനുള്ള അനുമതി മാത്രമാണ് ലഭിച്ചത്, എന്നാൽ അതുപോലും പൂർണ്ണമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തനിക്കെതിരെ നിരന്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്ന ഒരു മാധ്യമത്തിനെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. “ഞാൻ പണം വാങ്ങിയാൽ അത് കോഴ, രാഷ്ട്രീയക്കാർ വാങ്ങിയാൽ സംഭാവന, ശാന്തിക്കാർ വാങ്ങിയാൽ ദക്ഷിണ, പൊലീസുകാരൻ വാങ്ങിയാൽ പടി, ഇതാണ് ഇപ്പോഴത്തെ അവസ്ഥ,” വെള്ളാപ്പള്ളി പരിഹസിച്ചു. തനിക്കെതിരെ പലരും കേസുകൾ നൽകുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻകാലങ്ങളിൽ എസ്.എൻ ട്രസ്റ്റിലും എസ്.എൻ.ഡി.പി യൂണിയനുകളിലും വലിയ തോതിൽ തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ താൻ നേതൃസ്ഥാനത്തേക്ക് വന്നതിന് ശേഷം ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കഴിഞ്ഞുവെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

Also read: