‘എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്, മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല’; ഒളിവിൽ വെല്ലുവിളി തുടർന്ന് അർജുൻ ആയങ്കി
അർജുൻ ആയങ്കി
തൃശൂർ: മുട്ടിനു വെടിവെച്ചാലും മുട്ടുകുത്തില്ലെന്ന ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി. വെറും നാല് കേസുകൾ മാത്രം നിലനിൽക്കുന്ന തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി ചിത്രീകരിച്ച് വെടിവെക്കാനാണ് ഉത്തരവിട്ടതെന്ന് അർജുൻ ആരോപിച്ചു. കള്ളക്കേസിൽ ജയിലിൽ അടച്ചപ്പോൾ ജീവിതം തകർന്ന വ്യക്തിയാണ് താനെന്നും, ഈ വ്യവസ്ഥിതിയാണ് തന്നെ തീവ്രവാദിയാക്കിയതെന്നും അർജുൻ ആയങ്കി പോസ്റ്റിൽ കുറിച്ചു.
അർജുൻ ആയങ്കിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് ഞാനുള്ളത് എന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നു..! വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന എന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി വെടിവയ്ക്കാനൊക്കെയാണ് ഉത്തരവിട്ടത്…!!കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് ഞാൻ. എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്. മാനസികരോഗത്തിലോ മദ്യലഹരിയിലോ അല്ല. പൂർണബോധത്തോടെ തന്നെയാണ് പ്രതികരിച്ചത്. എന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണം. അയാൾ എന്തിന് ഇങ്ങനെ ചെയ്‌തു. ഞങ്ങളെ ആറുപേരെ ജയിലിലടച്ച് ദ്രോഹിച്ചു എന്ന് അയാൾ മറുപടി പറഞ്ഞേ മതിയാകൂ. മുറിവേറ്റവന്റെ, സ്വപ്‌നങ്ങൾ തകർന്നവൻ്റെ ജീവിതം താറുമാറായവന്റെ, സ്വന്തം മകനെ ഒപ്പം നിർത്തി ലാളിക്കാൻ അവസരം നിഷേധിക്കപ്പെട്ടവന്റെ വേദന പകയാവും പ്രതികാരമാവും. പിന്നെയായവനു ചത്താലും ഭയപ്പാടില്ല, മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല.