‘ലക്ഷ്യം പിണറായിയോ റിയാസോ അല്ല, പാർട്ടിയാണ്’; ഇഡിയുടെ പുതിയ കഥകൾക്ക് പിന്നിൽ കേന്ദ്ര നീക്കമെന്ന് എം.വി. ഗോവിന്ദൻ
എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ഇഡിയുടെ യഥാർത്ഥ ലക്ഷ്യം പിണറായി വിജയനോ പി.എ. മുഹമ്മദ് റിയാസോ അല്ലെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വിജയനെ കള്ളക്കേസിൽ കുടുക്കാൻ കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗിച്ച് നീക്കം നടത്തുകയാണ്. ഇത് അദ്ദേഹത്തിനെതിരായ വ്യക്തിപരമായ നീക്കമല്ല, മറിച്ച് പാർട്ടിയെ ലക്ഷ്യമിട്ടുള്ള കടന്നാക്രമണമാണ്. സിപിഐഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ദുർബലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇഡി പുതിയ കഥകൾ രചിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന്റെ ഭീഷണിക്ക് വഴങ്ങാത്തവരെ വശത്താക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സമ്മർദ്ദത്തിലാക്കാനാണ് ശ്രമം. ഇതുവഴി രാഷ്ട്രീയമായി ഒപ്പം നിർത്താൻ കഴിയുമോ എന്ന പരീക്ഷണമാണ് കേന്ദ്രം നടത്തുന്നത്. കേരളത്തെ കൈവശപ്പെടുത്തുന്നതിനായി ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഉന്നമിടുന്ന ഇത്തരം നീക്കങ്ങളെ കുറിച്ച് ആദ്യം മുതലേ സിപിഐഎം മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അന്ന് പറഞ്ഞ കാര്യങ്ങൾ ഇന്ന് യാഥാർത്ഥ്യമാകുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
സിഎംആർഎല്ലിൽ നിന്ന് ലഭിച്ച കുറിപ്പിൽ നിരവധി പേരുകളുണ്ടായിരുന്നു. അതിൽ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുൾപ്പെടെയുള്ളവർ പണം പറ്റിയതായി സമ്മതിച്ചതാണ്. എന്നാൽ വീണ നികുതി ഉൾപ്പെടെ കൃത്യമായി അടച്ച്, സേവനത്തിനായി നിയമാനുസൃതമായി മാത്രമാണ് തുക കൈപ്പറ്റിയത്. ചെന്നിത്തലയും കുഞ്ഞാലിക്കുട്ടി വാങ്ങിയത് നിയമാനുസൃതമായ തുകയല്ല. ഇഡി ഇപ്പോൾ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാട് എന്നതിൽ നിന്ന് മാറി പുതിയ കഥകൾ മെനയുകയാണ്. റെഡ് ബുക്ക് ഉണ്ടെന്ന പ്രചാരണം ശുദ്ധ കളവാണ്. ഇതിന് പിന്നിലെ വലതുപക്ഷ അജണ്ടയെ സിപിഐഎം രാഷ്ട്രീയമായി തന്നെ നേരിടും.
വീണയെ ചോദ്യം ചെയ്ത സന്ദർഭത്തിൽ ഹവാല ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും ഇഡി ചോദിച്ചിരുന്നില്ല. ഇപ്പോൾ ബേപ്പൂർ എം.എൽ.എ റിയാസിന്റെ വാട്സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെടുത്തി ഹവാല കഥകൾ പ്രചരിപ്പിക്കുകയാണ്. വികസന പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ഗ്രൂപ്പിലെ ചാറ്റുകൾ പുറത്തുവന്നതോടെ ആ ആരോപണം പൊളിഞ്ഞു. മാധ്യമങ്ങൾക്ക് തെറ്റായ വാർത്തകൾ നൽകാൻ ഇഡി ഗൂഢാലോചന നടത്തുന്നു.
അതിനിടെ, സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത അസുഖബാധിതനായി കിടക്കുമ്പോൾ ബലം പ്രയോഗിച്ച് മൂന്ന് രേഖകളിൽ കൈവിരൽ അടയാളം പതിപ്പിച്ചെന്ന വെളിപ്പെടുത്തൽ പുറത്തുവന്നിട്ടുണ്ട്. ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്ന് സിഎംആർഎൽ സി.എഫ്.ഒ സുരേഷ് കുമാറും വ്യക്തമാക്കിയിട്ടുണ്ട്. ഇഡിയുടെ ഇത്തരം നിയമവിരുദ്ധ നടപടികൾക്കെതിരെ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.