20/10/2026
[fontresizer_tawhidurrahmandear_widget]

‘അറസ്റ്റിനെ ഭയക്കുന്നില്ല; സ്വന്തം രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി എന്തിനാണ് ഇത്രയേറെ ഭയക്കുന്നത്? സമരം ചെയ്യുന്നത് പൗരന്മാരുടെ മൗലികാവകാശമാണ്’: അഭിജീത്ത് ദിപ്കെ

 ‘അറസ്റ്റിനെ ഭയക്കുന്നില്ല; സ്വന്തം രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി എന്തിനാണ് ഇത്രയേറെ ഭയക്കുന്നത്? സമരം ചെയ്യുന്നത് പൗരന്മാരുടെ മൗലികാവകാശമാണ്’: അഭിജീത്ത് ദിപ്കെ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത്ത് ദിപ്കെ. രാജ്യത്തെ സമരക്കാരെ തീവ്രവാദികളെയും മാവോയിസ്റ്റുകളെയും നേരിടുന്നതുപോലെയാണ് കേന്ദ്ര സർക്കാർ നേരിടുന്നതെന്നും സ്വന്തം രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് ഇത്രയേറെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രതിഷേധ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ദിപ്കെയുടെ പ്രതികരണം.

സ്വന്തം ജനങ്ങളോട് പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ദിപ്കെ ആരോപിച്ചു. ജനങ്ങൾ ഇനി തങ്ങൾക്ക് വോട്ട് ചെയ്യില്ലെന്ന് ബോധ്യമുള്ളതിനാലാണ് ഈ സമീപനമെന്നും അദ്ദേഹം പറഞ്ഞു. യുഎപിഎയോ എൻഎസ്എയോ അടക്കമുള്ള ഏത് കരിനിയമങ്ങൾ ചുമത്തിയാലും പിന്മാറില്ലെന്നും സമരം ചെയ്യുന്നത് പൗരന്മാരുടെ മൗലികാവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. സുതാര്യമായ തെരഞ്ഞെടുപ്പിനും ജനാധിപത്യ സംരക്ഷണത്തിനുമുള്ള പോരാട്ടം തുടരുമെന്നും ദിപ്കെ കൂട്ടിച്ചേർത്തു.

മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കുന്നതിനിടെ വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്താലും ഭയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ഞങ്ങൾ നിയമം അനുസരിക്കുന്ന സമാധാനപ്രിയരായ പൗരന്മാരാണ്. അഹിംസയും ഗാന്ധിയൻ മാർഗവുമാണ് ഞങ്ങളുടെ കരുത്ത്. ഗുണ്ടകളെ അയച്ച് കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിച്ചാലും പ്രകോപിതരാകാതെ സമാധാനപരമായി പ്രതിഷേധിക്കണം,” എന്ന് ദീപ്കെ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.

ജന്തർ മന്തറിലേത് ജനാധിപത്യവും അഴിമതിരഹിത ഭരണസംവിധാനവും ഉറപ്പാക്കാനുള്ള സമരമാണെന്ന് സിജെപി വക്താവ് സൗരവ് ദാസും വ്യക്തമാക്കുകയുണ്ടായി. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നത് വരെ സമരം തുടരുമെന്നാണ് സംഘടനയുടെ നിലപാട്.

Also read: