‘രാജ്യം ഡൽഹിയിൽ ഒന്നിക്കും, തടയാനാവില്ല’: കനത്ത നിയന്ത്രണങ്ങൾക്കെതിരെ അഖിലേഷ് യാദവ്
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കനത്ത സുരക്ഷാ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബലപ്രയോഗത്തിലൂടെ യുവാക്കളുടെ നിശ്ചയദാർഢ്യത്തെ തകർക്കാനാവില്ലെന്നും രാജ്യത്തെ യുവശക്തിക്കൊപ്പമാണ് തങ്ങൾ നിലകൊള്ളുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
“നിയന്ത്രണങ്ങൾ കൊണ്ട് ജനങ്ങളെ തടയാമെന്ന് ബിജെപി സർക്കാർ കരുതുന്നുണ്ടെങ്കിൽ അത് വലിയ തെറ്റാണ്. ജന്തർ മന്തർ ഇനി വെറുമൊരു സ്ഥലപ്പേരല്ല, പുതിയൊരു അവബോധത്തിൻ്റെയും ഉണർവിൻ്റെയും പ്രതീകമാണ്. പ്രതിഷേധക്കാരെ തടഞ്ഞാൽ ജന്തർ മന്തർ രാജ്യമെമ്പാടും ഉയർന്നുവരും,” അഖിലേഷ് വ്യക്തമാക്കി.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയിൽ ഉത്തരവാദിത്തം ആവശ്യപ്പെട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് ‘ജന്തർ മന്തർ 2.0’ പ്രതിഷേധം സംഘടിപ്പിക്കുന്നത്. നിരവധി വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ ഗ്രൂപ്പുകളും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് 35,000ത്തിലധികം പൊലീസുകാരെയും അർദ്ധസൈനികരെയുമാണ് വിന്യസിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ കനോട്ട് പ്ലേസിലെ ജൻപഥിന് സമീപത്തുനിന്നും ചില പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. സുരക്ഷ മുൻകരുതലിൻ്റെ ഭാഗമായി ജൻപഥ് – കർത്തവ്യ പഥ് ക്രോസിംഗിന് നാല് കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് ഇന്ന് രാത്രി 10 മണി വരെ താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.