03/04/2026
[fontresizer_tawhidurrahmandear_widget]

‘അഞ്ച് രൂപ ചോദിച്ചാൽ നാല് രൂപ നൽകുക’; മിയാ മുസ്ലീങ്ങൾക്കെതിരെ പരസ്യ പോരുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

 ‘അഞ്ച് രൂപ ചോദിച്ചാൽ നാല് രൂപ നൽകുക’; മിയാ മുസ്ലീങ്ങൾക്കെതിരെ പരസ്യ പോരുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: അസമിലെ മിയാ മുസ്ലീങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. റിക്ഷാ ചാർജ് ചോദിക്കുന്നതിനേക്കാൾ കുറച്ച് നൽകിയും വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കാൻ പരാതികൾ നൽകിയും ഇവർക്ക് അസ്വസ്ഥതകൾ സൃഷ്ടിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ബുദ്ധിമുട്ടുകൾ നേരിട്ടാൽ മാത്രമേ ഇവർ അസം വിട്ടുപോവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടിൻസുകിയയിലെ ദിഗ്‌ബോയിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയത്. വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് മിയാ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ‘അവർ അസമിലല്ല, ബംഗ്ലാദേശിലാണ് വോട്ട് ചെയ്യേണ്ടത്. മിയാ ജനതയ്ക്ക് അസ്വസ്ഥതകൾ സൃഷ്ടിക്കുന്നത് എന്റെ ഉത്തരവാദിത്തമാണ്. അസമീസ് ജനത ജീവിച്ചിരിപ്പുണ്ടെന്ന് അവർ മനസ്സിലാക്കണം,’ ഹിമന്ത പറഞ്ഞു.

മിയാ വിഭാഗക്കാർക്കെതിരെ സാധ്യമാകുന്നിടത്തെല്ലാം പരാതികൾ നൽകാൻ ബിജെപി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘അഞ്ച് രൂപ റിക്ഷാ ചാർജ് ചോദിച്ചാൽ നാല് രൂപ മാത്രം നൽകുക. മാധ്യമപ്രവർത്തകർ പോലും അവർക്കായി സഹതാപ വാർത്തകൾ ചെയ്യരുത്. അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലും ലവ് ജിഹാദ് ഉണ്ടാകും,’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഹിമന്ത ബിശ്വ ശർമ്മ സംസ്ഥാനത്ത് ഭരണഘടനയെ നോക്കുകുത്തിയാക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ പേരിൽ യഥാർത്ഥ വോട്ടർമാരെ ലക്ഷ്യം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് മെമ്മോറാണ്ടം സമർപ്പിച്ചു. നിലവിൽ അസമിൽ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Also read: