02/03/2026
[fontresizer_tawhidurrahmandear_widget]

‘ആദ്യം മോദിയുടെ മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറയൂ’; മുഖ്യ തെര. കമ്മീഷണറോട് മമത

 ‘ആദ്യം മോദിയുടെ മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറയൂ’; മുഖ്യ തെര. കമ്മീഷണറോട് മമത

മമത ബാനര്‍ജി, നരേന്ദ്ര മോദി, ഗ്യാനേഷ് കുമാര്‍

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനായി സാധാരണക്കാരോട് പിതാവിന്റെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ, ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സ്വന്തം മാതാപിതാക്കളുടെ ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ എസ്‌ഐആർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

‘പണ്ട് കാലത്ത് വീടുകളിലായിരുന്നു കുട്ടികൾ ജനിച്ചിരുന്നത്, അല്ലാതെ ആശുപത്രികളിലല്ല. അതിനാൽ തന്നെ അന്നുള്ളവർക്ക് ഇത്തരം രേഖകൾ ഉണ്ടാകില്ല. പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും ഇൻസ്റ്റിറ്റിയൂഷണൽ ഡെലിവറി സർട്ടിഫിക്കറ്റുകൾ കൈവശമുണ്ടോ എന്ന് ചോദിക്കണം,’ മമത തുറന്നടിച്ചു. ബിജെപിയുടെ മുതിർന്ന നേതാക്കളായിരുന്ന എ.ബി വാജ്പേയിക്കും എൽ.കെ അദ്വാനിക്കും തങ്ങളുടെ മാതാപിതാക്കളുടെ ജനന രേഖകൾ ഹാജരാക്കാൻ കഴിയുമായിരുന്നോ എന്നും അവർ ചോദിച്ചു.

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് ഒരു ആഘോഷമാണെന്നും എന്നാൽ ഇവിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് 58 ലക്ഷം വോട്ടർമാരുടെ പേരുകളാണ് നീക്കം ചെയ്തതെന്നും മമത ആരോപിച്ചു. കൊലപാതകക്കേസിലെ പ്രതിക്ക് പോലും വിചാരണവേളയിൽ സ്വയം പ്രതിരോധിക്കാൻ അവസരം ലഭിക്കാറുണ്ട്. എന്നാൽ, ഇവിടെ 58 ലക്ഷം പേരെ, അവരെ കേൾക്കാൻ പോലും തയ്യാറാകാതെയാണ് പട്ടികയിൽനിന്ന് പുറത്താക്കിയതെന്നും അവർ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് വെറും മൂന്ന് മാസം മാത്രം ബാക്കിനിൽക്കെയാണ് ഈ വെട്ടിനിരത്തൽ നടക്കുന്നത്. 2002-ന് ശേഷം നടക്കാത്ത നടപടികൾ ഇപ്പോൾ തിടുക്കത്തിൽ നടപ്പാക്കുന്നത് എന്തിനാണെന്നും മമത ചോദിച്ചു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. വിവാഹശേഷം ഭർത്താവിന്റെ കുടുംബപ്പേര് സ്വീകരിക്കുന്ന സ്ത്രീകളുടെ പേരുകളും വെട്ടിമാറ്റിയതായി അവർ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ‘അഹങ്കാരി’ എന്നും ‘നുണയൻ’ എന്നും വിശേഷിപ്പിച്ച മമത, അദ്ദേഹം ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും കുറ്റപ്പെടുത്തി. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇത്രയും സത്യസന്ധതയില്ലാത്ത ഒരു കമ്മീഷണറെ കണ്ടിട്ടില്ല. കമ്മീഷനിൽനിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും അവർ പറഞ്ഞു. മരിച്ചുവെന്ന് രേഖപ്പെടുത്തി എസ്‌ഐആർ പട്ടികയിൽനിന്ന് നീക്കം ചെയ്തവരെ തെളിവായി യോഗത്തിൽ നേരിട്ട് ഹാജരാക്കിയെങ്കിലും കമ്മീഷണർ അവരെ പരിഗണിച്ചില്ലെന്നും തുടർന്ന് തങ്ങൾ ഇറങ്ങിപ്പോന്നുവെന്നും മമത വ്യക്തമാക്കി.

Also read: