02/03/2026
[fontresizer_tawhidurrahmandear_widget]

സർക്കാരിന് കനത്ത തിരിച്ചടി; നവകേരള സർവേ ഹൈക്കോടതി തടഞ്ഞു

 സർക്കാരിന് കനത്ത തിരിച്ചടി; നവകേരള സർവേ ഹൈക്കോടതി തടഞ്ഞു

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി തടഞ്ഞു. സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി, സർവേയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ബജറ്റ് വിഹിതമോ ആവശ്യമായ ധനകാര്യ അനുമതിയോ ഇല്ലാതെയാണ് സർവേ നടത്തുന്നതെന്ന ഹരജിക്കാരുടെ വാദം കോടതി ശരിവെച്ചു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജനറൽ സെക്രട്ടറി മുബാസ് എന്നിവർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 20 കോടി രൂപ ചെലവഴിച്ച് നടത്തുന്ന സർവേ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടിയുള്ളതാണെന്നും പൊതുഖജനാവിലെ പണം ഇതിനായി ഉപയോഗിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും ഹരജിക്കാർ ആരോപിച്ചിരുന്നു.

സർവേയ്ക്ക് നിയമപരമായ അടിത്തറയോ കൃത്യമായ ധനകാര്യ അനുമതിയോ ഇല്ലെന്ന് കോടതി കണ്ടെത്തി. സിപിഎം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരെ ഉപയോഗിച്ച് നടത്തുന്ന സർവേ യഥാർത്ഥത്തിൽ രാഷ്ട്രീയ പ്രചാരണമാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് കോടതിയുടെ ഇടപെടൽ. ബജറ്റിൽ വകയിരുത്താത്ത 20 കോടി രൂപ സർവേയ്ക്കായി വകമാറ്റുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

സർക്കാരിനെതിരെയുള്ള വിമർശനങ്ങളിൽ ജനങ്ങളോട് നേരിട്ട് വിശദീകരണം നൽകുന്നതിനും പദ്ധതികളെക്കുറിച്ച് അഭിപ്രായം തേടുന്നതിനുമാണ് സർവേ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സർക്കാർ ചെലവിൽ പാർട്ടി ക്യാമ്പയിൻ നടത്തുന്നു എന്ന യു.ഡി.എഫ് ആരോപണങ്ങൾക്ക് പുതിയ വിധി കൂടുതൽ കരുത്തുപകർന്നിരിക്കുകയാണ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Also read: