സത്യപ്രതിജ്ഞാ ചടങ്ങിലെ ‘വന്ദേമാതരം’ രാജ്ഭവൻ തീരുമാനം; സർക്കാർ അറിഞ്ഞില്ല
തിരുവനന്തപുരം: പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. രാജ്ഭവനിൽ നിന്നുള്ള (ലോക്ഭവൻ) തീരുമാനപ്രകാരമാണ് ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വന്ദേമാതരം പൂർണ്ണമായി ആലപിക്കുമെന്ന കാര്യം തനിക്ക് മുൻകൂട്ടി അറിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവൻ തീരുമാനപ്രകാരമാണ് അത് പൂർണമായും അവതരിപ്പിച്ചത്. ആലപിച്ചു തുടങ്ങിയപ്പോഴാണ് താൻ പോലും ഈ വിവരം അറിഞ്ഞത്. എന്നാൽ, പാടിത്തുടങ്ങിയ ശേഷം അത് പകുതിക്ക് വെച്ച് നിർത്തിക്കാൻ കഴിയില്ലല്ലോയെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതിനെതിരെ കടുത്ത വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തിയിരുന്നു. വന്ദേമാതരം പൂർണ്ണമായി അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്നും ബഹുസ്വരത നിലനിൽക്കുന്ന ഒരു സമൂഹത്തിന് ഇത് നിരക്കാത്തതാണെന്നും സി.പി.എം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
കൂടാതെ, സത്യപ്രതിജ്ഞാ ചടങ്ങിൽ ഔദ്യോഗിക നാമത്തിനൊപ്പം അച്ഛൻ്റെ പേര് കൂടി ഉൾപ്പെടുത്തിയതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ചടങ്ങിൽ അച്ഛന്റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. അമ്മയുടെ പേര് കൂടി അതിനൊപ്പം പറയാൻ സാധിക്കാത്തതിൽ എനിക്ക് സങ്കടമുണ്ട്. താൻ എം.എൽ.എ ആകുന്നതിനു മുമ്പ് തന്നെ മരിച്ചുപോയവരാണ് ഇരുവരും. പൊതുവേദിയിൽ സ്വന്തം മാതാപിതാക്കളുടെ പേര് പറയുന്നത് ഏറെ അഭിമാനമുള്ള കാര്യമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.