‘റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ച് കമ്മലിട്ട് നടക്കും’; റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോയെന്ന് പി.വി അൻവർ
കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ തരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി മന്ത്രി മുഹമ്മദ് റിയാസിനെതിരെ കടുത്ത വെല്ലുവിളിയുമായി പി.വി അൻവർ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ റിയാസ് വിജയിക്കുകയാണെങ്കിൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്നും, മറിച്ചാണെങ്കിൽ ഈ വെല്ലുവിളി ഏറ്റെടുക്കാൻ റിയാസ് തയ്യാറുണ്ടോ എന്നും അൻവർ ചോദിച്ചു.
ബേപ്പൂരിൽ താൻ 25,000 വോട്ടുകൾക്ക് വിജയിക്കുമെന്ന് അവകാശപ്പെട്ട അദ്ദേഹം, റിയാസിന് 65,000-ൽ കൂടുതൽ വോട്ടുകൾ ലഭിക്കില്ലെന്നും പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ അഴിമതിയെക്കുറിച്ചുള്ള ബിജു പ്രഭാകറിൻ്റെ ആരോപണങ്ങളിൽ മന്ത്രി മറുപടി പറയണമെന്നും അൻവർ ആവശ്യപ്പെട്ടു. ഓരോ മണ്ഡലത്തിലും പതിനായിരത്തോളം ഭരണവിരുദ്ധ വോട്ടുകളുണ്ടെന്നും, കോഴിക്കോട്ടെ ഇടത് മുന്നണിയുടെ പരാജയത്തിന് കാരണം റിയാസാണെന്നും അൻവർ കുറ്റപ്പെടുത്തി. പിണറായി വിജയനെതിരായ ജനവികാരമാണ് കേരളത്തിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.