‘എന്റെ നേതാവിനെ ഓർത്ത് അഭിമാനം; മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരും’; പ്രതികരണവുമായി മഹുവ മൊയ്ത്ര
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരണവുമായി മഹുവ മൊയ്ത്ര എം.പി. ബംഗാളിലെ ജനവിധി ബിജെപിക്ക് അനുകൂലമാണെങ്കിൽ അത് അംഗീകരിക്കുന്നുവെന്നും എന്നാൽ ഏകാധിപത്യത്തിനെതിരായ പോരാട്ടം അവസാനിക്കില്ലെന്നും മഹുവ വ്യക്തമാക്കി. ഭരണഘടന അവസാന വാക്കായ മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. ‘ബംഗാൾ ബിജെപിയെയാണ് ആഗ്രഹിച്ചതെങ്കിൽ അവർക്കത് ലഭിച്ചു. ആ ജനവിധിയെ ഞങ്ങൾ മാനിക്കുന്നു. എന്നാൽ, ഏകാധിപത്യത്തിന് പകരം ഭരണഘടന അവസാന വാക്കായ മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം ഞങ്ങൾ തുടരുക തന്നെ ചെയ്യും,’ മഹുവ കുറിച്ചു.
പ്രതികൂല സാഹചര്യത്തിലെ പോരാട്ടം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദങ്ങൾക്കിടയിലും തൃണമൂൽ കോൺഗ്രസ് മികച്ച രീതിയിലാണ് പൊരുതിയതെന്ന് മഹുവ അവകാശപ്പെട്ടു. ‘പ്രതീക്ഷിക്കാത്ത പ്രതിസന്ധികൾക്കിടയിലും തുല്യമല്ലാത്ത പിച്ചിലുമാണ് ഞങ്ങൾ പോരാടിയത്. എന്റെ നേതാവിനെയും പാർട്ടിയെയും ഓർത്ത് ഞാൻ അഭിമാനിക്കുന്നു,’ മഹുവ പറഞ്ഞു. വോട്ടെണ്ണൽ വേളയിൽ ഇവിഎം ക്രമക്കേടുകളെക്കുറിച്ച് തൃണമൂൽ നേതൃത്വം ഉന്നയിച്ച ആരോപണങ്ങൾ സൂചിപ്പിച്ചായിരുന്നു മഹുവയുടെ പ്രതികരണം.
മഹുവ മൊയ്ത്ര പ്രതിനിധീകരിക്കുന്ന കൃഷ്ണനഗർ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള മിക്ക നിയമസഭാ സീറ്റുകളിലും ഇത്തവണ ബിജെപിയാണ് വിജയിച്ചത്. ഇത് മഹുവയുടെ രാഷ്ട്രീയ സ്വാധീനത്തിന് വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നുണ്ട്.
ബംഗാളിലെ 294 സീറ്റുകളിൽ 206 സീറ്റുകൾ നേടിയാണ് ബിജെപി അധികാരമുറപ്പിച്ചത്. മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച ഈ വിജയത്തെ ചരിത്രപരമായ മാറ്റം എന്നാണ് ബിജെപി വിശേഷിപ്പിക്കുന്നത്. എന്നാൽ, ഇത് ബിജെപിയും കേന്ദ്ര ഏജൻസികളും കകൂടി കൊള്ളയടിച്ച ജനവിധിയാണെന്നും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പദവിയിൽനിന്നു രാജിവയ്ക്കില്ലെന്നും അവർ അറിയിച്ചു. അതേസമയം, ഭരണം പോയാലും പ്രതിപക്ഷ നിരയിൽ ഇരുന്ന് കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായി ശബ്ദമുയർത്തുമെന്നാണ് തൃണമൂൽ നേതാക്കൾ വ്യക്തമാക്കുന്നത്.