11/05/2026
[fontresizer_tawhidurrahmandear_widget]

‘മുസ്‌ലിംകൾ മുഴുവൻ മമതയ്ക്ക് വോട്ട് ചെയ്തു; സി.പി.എം വോട്ട് മുഴുവൻ എനിക്ക് ലഭിച്ചു’; അവകാശവാദവുമായി സുവേന്ദു അധികാരി

 ‘മുസ്‌ലിംകൾ മുഴുവൻ മമതയ്ക്ക് വോട്ട് ചെയ്തു; സി.പി.എം വോട്ട് മുഴുവൻ എനിക്ക് ലഭിച്ചു’; അവകാശവാദവുമായി സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയെ അവരുടെ തട്ടകമായ ഭവാനിപൂരിൽ പരാജയപ്പെടുത്തിയതിന് പിന്നാലെ വിവാദ പരാമർശവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. ഭവാനിപൂരിലെ വിജയം ഹിന്ദുത്വത്തിന്റെ വിജയമാണെന്നും വോട്ടർമാർ മതപരമായി വിഭജിക്കപ്പെട്ടാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. മുസ്‌ലിംകൾ മൊത്തം മമതയ്ക്ക് വോട്ട് ചെയ്തപ്പോൾ, ഹിന്ദുക്കൾ പൂർണമായി തനിക്ക് വോട്ട് ചെയ്‌തെന്ന് സുവേന്ദു പറഞ്ഞു. സിപിഎം വോട്ടും ഒന്നായി തനിക്കു കിട്ടിയെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു.

‘മുസ്ലിം വോട്ടർമാർ പരസ്യമായി മമത ബാനർജിക്കാണ് വോട്ട് ചെയ്തത്. എന്നാൽ, ഹിന്ദുക്കളും സിഖുകാരും ജൈനരും ബുദ്ധമതക്കാരും എന്നെ അനുഗ്രഹിച്ചു. ഈ വിജയം ഹിന്ദുത്വത്തിന്റേതാണ്,’ സുവേന്ദു പറഞ്ഞു. 77-ാം നമ്പർ വാർഡിലെ മുസ്ലിംകൾ പൂർണമായും മമതയ്‌ക്കൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ സിപിഎം വോട്ടും തനിക്ക് അനുകൂലമായി പോൾ ചെയ്യപ്പെട്ടെന്ന അവകാശവാദവും അദ്ദേഹം നടത്തി. ഭവാനിപൂരിൽ 13,000 സിപിഎം വോട്ടുകളുണ്ട്. ഇതിൽ 10,000-ത്തോളം വോട്ടുകളെങ്കിലും തനിക്ക് ലഭിച്ചു. ബംഗാളി ഹിന്ദുക്കൾക്ക് പുറമെ ഗുജറാത്തികൾ, മാർവാടികൾ, സിഖുകാർ എന്നിവർ തനിക്ക് വലിയ പിന്തുണ നൽകിയെന്നും സുവേന്ദു അവകാശപ്പെട്ടു.

ഈ പരാജയത്തോടെ മമത ബാനർജിയുടെ രാഷ്ട്രീയ അധ്യായം അവസാനിച്ചുവെന്നും അവർ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു. 15,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു മമതയെ പരാജയപ്പെടുത്തിയത്.

മമത ബാനർജിയുടെ രാഷ്ട്രീയ സ്വത്വമായി കണക്കാക്കപ്പെട്ടിരുന്ന ഭവാനിപൂരിലെ പരാജയം തൃണമൂൽ കോൺഗ്രസിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. 2021-ൽ നന്ദിഗ്രാമിൽ വെച്ച് മമതയെ തോൽപ്പിച്ച സുവേന്ദു, ഇത്തവണ അവരുടെ സ്വന്തം മണ്ഡലത്തിലും വിജയം ആവർത്തിച്ചു.

ബംഗാളിൽ ആദ്യമായി ഒരു ബിജെപി സർക്കാർ അധികാരത്തിലെത്താൻ പോകുന്നതിന്റെ ആവേശത്തിലാണ് ബിജെപി കേന്ദ്രങ്ങൾ. എന്നാൽ സുവേന്ദുവിന്റെ പ്രസ്താവനകൾക്കെതിരെ തൃണമൂൽ കോൺഗ്രസും മറ്റ് മതനിരപേക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

Also read: