11/05/2026
[fontresizer_tawhidurrahmandear_widget]

ഭരണം മാറിയതുമുതൽ ബംഗാൾ കത്തുകയാണ്, സംസ്ഥാനത്ത് വിന്യാസിച്ചിട്ടുള്ള 700 കമ്പനി കേന്ദ്രസേന എവിടെ?: എംപി മഹുവ മൊയ്ത്ര

 ഭരണം മാറിയതുമുതൽ ബംഗാൾ കത്തുകയാണ്, സംസ്ഥാനത്ത് വിന്യാസിച്ചിട്ടുള്ള 700 കമ്പനി കേന്ദ്രസേന എവിടെ?: എംപി മഹുവ മൊയ്ത്ര

കൊൽക്കത്ത: ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ ഫലം പുറത്ത് വന്നതിന് പിന്നാലെ ഉണ്ടായ അക്രമസംഭവങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണെന്ന് എംപി മഹുവ മൊയ്ത്ര. പുർബ മേദിനിപ്പൂർ ജില്ലയിലെ ഖേജൂരിയിൽ അറുപതോളം കടകൾ ബിജെപി പ്രവർത്തകർ തീയിട്ടു നശിപ്പിച്ചതായി തൃണമൂൽ കോൺഗ്രസ് നേതാവായ മൊയ്ത്ര ആരോപിച്ചു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഉടമസ്ഥതയിലുള്ള കടകൾക്ക് നേരെ ആക്രമണമുണ്ടായതെന്ന് അവർ എക്‌സിലൂടെ വ്യക്തമാക്കി. സംസ്ഥാനത്ത് സമാധാന നിലനിർത്താൻ വിന്യാസിച്ചിട്ടുള്ള 700 കമ്പനി കേന്ദ്രസേന എവിടെ എന്നും അവർ ചോദിച്ചു.

തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഈ സംഭവത്തെ അപലപിച്ചു. നിച്കസ്ബ ഗ്രാം പഞ്ചായത്തിലും ഹിജ്‌ലി ശരീഫ് മേഖലയിലുമുള്ള കടകൾ ബിജെപി ഗുണ്ടകൾ തകർക്കുകയും തീയിടുകയും ചെയ്തത് സാമുദായിക ഐക്യം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമ സംഭവങ്ങൾ തുടരുകയാണ്. ഖേജൂരിയിലെ തീപിടുത്തം നിയന്ത്രിക്കാൻ അഗ്‌നിശമന സേനയും പോലീസും സ്ഥലത്തെത്തിയിരുന്നതായി പുർബ മേദിനിപ്പൂർ പോലീസ് സ്ഥിരീകരിച്ചു. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്നോ എത്ര കടകൾ നശിച്ചുവെന്നോ ഉള്ള കാര്യത്തിൽ ഔദ്യോഗികമായ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ തടയാൻ കേന്ദ്ര സേനയുടെ വലിയൊരു വിഭാഗത്തെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ടെങ്കിലും അക്രമം തുടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. അക്രമ സംഭവങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Also read:

Leave a Reply

Your email address will not be published. Required fields are marked *