ഇറാനെ വളഞ്ഞ് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; ഗള്‍ഫ് യുദ്ധകാലത്തേക്കാളും വലിയ സൈനിക വിന്യാസം
വാഷിങ്ടണ്‍/തെല്‍ അവീവ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധമുനമ്പില്‍ നിര്‍ത്തി അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക നീക്കം. നിരവധി യുദ്ധക്കപ്പലുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പശ്ചിമേഷ്യയില്‍ എത്തിയിരിക്കുന്നത്. വമ്പന്‍ കപ്പല്‍പട അങ്ങോട്ട് എത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയിരിക്കുന്ന സൈനിക വിന്യാസം ഒന്നാം ഗള്‍ഫ് യുദ്ധം, രണ്ടാം ഗള്‍ഫ് യുദ്ധം, ഇറാഖ് യുദ്ധം എന്നിവയെല്ലാം ചേര്‍ത്താല്‍ ഉണ്ടായതിനെക്കാള്‍ വലുതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ പശ്ചിമേഷ്യയില്‍ നടന്നത് അസാധാരണമായ നീക്കങ്ങളാണ്. ഇറാനെ ചുറ്റിപ്പറ്റിയുള്ള വിവിധ അമേരിക്കന്‍ വ്യോമത്താവളങ്ങളിലേക്ക് 12 സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങളാണ് ഒന്നിന് പിറകെ ഒന്നായി പറന്നിറങ്ങിയത്. 77 ടണ്‍ വരെ സൈനിക സാമഗ്രികള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ കൂറ്റന്‍ വിമാനങ്ങളില്‍ അത്യാധുനിക ആയുധങ്ങളും, സൈനിക ഉപകരണങ്ങളും, ട്രൂപ്പുകളും എത്തിക്കഴിഞ്ഞു.
ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീമന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും പശ്ചിമേഷ്യയില്‍ നങ്കൂരമിട്ടിട്ടുണ്ടെന്നാണു പുറത്തുവരുന്ന വിവരം. ലിങ്കണോടൊപ്പം നിരവധി ഡിസ്‌ട്രോയറുകളും അത്യാധുനിക പോര്‍വിമാനങ്ങളും അടങ്ങുന്ന വന്‍ സന്നാഹമാണ് മേഖലയിലേക്ക് കുതിക്കുന്നത്. ഇറാനെ പൂര്‍ണമായും വളയുക എന്ന ലക്ഷ്യത്തോടെയാണ് ഈ അതിവേഗ നീക്കം. ദശാബ്ദങ്ങള്‍ക്കിടയില്‍ മേഖല കണ്ട ഏറ്റവും വലിയ സൈനിക നടപടികള്‍ക്കാണ് പശ്ചിമേഷ്യ ഇപ്പോള്‍ സാക്ഷ്യംവഹിക്കുന്നത്.
ഇസ്രയേലിനെ തൊട്ടാല്‍ ഇറാനെ ‘തകര്‍ത്ത് തരിപ്പണമാക്കും’ എന്ന് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയതിന് തൊട്ടുപിന്നാലെയാണ് വന്‍ സന്നാഹം ദൃശ്യമായത്. ‘ഒരു വലിയ കപ്പല്‍ പട തന്നെ അങ്ങോട്ട് നീങ്ങുന്നുണ്ട്,’ എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെ ഒരു ‘ബിഗ് ഫ്‌ലോട്ടില്ല’ എന്നാണ് സൈനിക വൃത്തങ്ങള്‍ വിശേഷിപ്പിക്കുന്നത്.
അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഹാരി എസ്. ട്രൂമാന്‍ ഉള്‍പ്പെടെയുള്ള കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പുകള്‍ മെഡിറ്ററേനിയന്‍ കടലിലും അറബിക്കടലിലുമായി നിലയുറപ്പിച്ചു കഴിഞ്ഞു. ഇതിനു പുറമെ യുഎസ്എസ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് ഉള്‍പ്പെടെയുള്ള കൂടുതല്‍ കപ്പലുകള്‍ മേഖലയിലേക്ക് നീങ്ങുന്നതായാണ് സൂചന. ഏത് നിമിഷവും ഒരു ആക്രമണത്തിന് സജ്ജമായ രീതിയിലാണ് നാവികസേനയുടെ വിന്യാസം.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഒരു പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ഇടപെടാന്‍ വേണ്ടിയാണ് അമേരിക്ക ഈ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. ഗള്‍ഫ് യുദ്ധകാലത്ത് കണ്ടതിനെക്കാള്‍ കൂടുതല്‍ സൈനികരെയും ആയുധങ്ങളെയും ചുരുങ്ങിയ സമയത്തിനുള്ളില്‍ വിന്യസിച്ചത് ഇറാന്‍ ഭരണകൂടത്തിനുള്ള ശക്തമായ താക്കീതാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ യുഎസ് പ്രതിനിധികളുമായും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, അമേരിക്കയുടെ സൈനിക നീക്കം നയതന്ത്ര ചര്‍ച്ചകള്‍ക്കപ്പുറം യുദ്ധത്തിനുള്ള തയാറെടുപ്പാണെന്ന സൂചനയാണ് നല്‍കുന്നത്. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനും ഇറാനെതിരെ തിരിച്ചടിക്കാനും വന്‍തോതിലുള്ള വ്യോമ-നാവിക സേനകളെയാണ് അമേരിക്ക അണിനിരത്തിയിരിക്കുന്നത്.