02/03/2026
[fontresizer_tawhidurrahmandear_widget]

‘ഭാരതമാതാവിനെ വിറ്റു, നിങ്ങൾക്ക് നാണമില്ലേ?’; ഇന്ത്യ- അമേരിക്ക വ്യാപാര കരാറിൽ കേന്ദ്രത്തിനെതിരെ ലോക്‌സഭയിൽ രാഹുൽ ഗാന്ധി

 ‘ഭാരതമാതാവിനെ വിറ്റു, നിങ്ങൾക്ക് നാണമില്ലേ?’; ഇന്ത്യ- അമേരിക്ക വ്യാപാര കരാറിൽ കേന്ദ്രത്തിനെതിരെ ലോക്‌സഭയിൽ  രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെച്ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ തന്ത്രപ്രധാനമായ കാർഷിക-പാലുൽപ്പന്ന വിപണികൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി തുറന്നുകൊടുത്തതിലൂടെ സർക്കാർ ‘ഭാരതമാതാവിനെ വിറ്റു’ എന്ന് അദ്ദേഹം ലോക്‌സഭയിൽ ആരോപിച്ചു. അമേരിക്ക പുറത്തുവിട്ട കരാർ വിശദാംശങ്ങൾ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ കടന്നാക്രമണം.

ഇറക്കുമതി തീരുവകളിൽ വരുത്തിയ മാറ്റം ഇന്ത്യൻ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് 3 ശതമാനമായിരുന്ന അമേരിക്കൻ താരിഫ് 18 ശതമാനമായി വർദ്ധിച്ചപ്പോൾ, ഇന്ത്യയുടെ താരിഫ് പൂജ്യമായി കുറഞ്ഞത് രാജ്യത്തിന് വലിയ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. “നമ്മൾ വിഡ്ഢികളെപ്പോലെ നിൽക്കുകയാണ്. 500 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന വ്യവസ്ഥയിൽ എന്ത് യുക്തിയാണുള്ളത്?” എന്ന് അദ്ദേഹം ചോദിച്ചു. ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും ഇത്തരമൊരു കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ രാഹുലിന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു മറുപടി നൽകി. രാജ്യത്തിന്റെ പുരോഗതിയിൽ പ്രതിപക്ഷം അസ്വസ്ഥരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തുറ്റ നേതൃത്വത്തിൽ രാജ്യം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. പയർവർഗ്ഗങ്ങൾ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വിഷയത്തിൽ അമേരിക്ക പുറത്തുവിട്ട ‘ഫാക്ട് ഷീറ്റിലെ’ തിരുത്തലുകൾ നേരത്തെ തന്നെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

Also read: