സതീശൻ പറഞ്ഞത് സംഭവിച്ചു; നൂറിലധികം സീറ്റ് ലഭിക്കുമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ വിശ്വസിച്ചില്ല-ടി.പി രാമകൃഷ്ണൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വി.ഡി സതീശൻ പ്രവചിച്ചതുപോലെ യു.ഡി.എഫ് 100 കടന്നത് അപ്രതീക്ഷിത തിരിച്ചടിയാണെന്ന് സമ്മതിച്ച് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. നൂറിലധികം സീറ്റ് കിട്ടുമെന്ന് സതീശൻ പറഞ്ഞപ്പോൾ കിട്ടില്ലെന്നാണ് ഞങ്ങൾ ധരിച്ചത്. എന്നാൽ അദ്ദേഹം പറഞ്ഞത് ശരിയായി, അവർക്ക് 102 സീറ്റ് ലഭിച്ചുവെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിന്റെ വിജയം മുൻകൂട്ടി കാണാൻ വി.ഡി. സതീശന് സാധിച്ചുവെന്നത് വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു. ‘അവർ പി.ആർ ഏജൻസികളെയെല്ലാം ആശ്രയിച്ചിട്ടുണ്ട്. അദ്ദേഹം ഇതു പറഞ്ഞു എന്നത് ശരിയാണ്. അത് കേരളത്തിൽ സംഭവിക്കുകയും ചെയ്തു.’ യു.ഡി.എഫിന്റെ ചിട്ടയായ പ്രവർത്തനങ്ങളെയും വിവരശേഖരണത്തെയും പരോക്ഷമായി ശരിവെക്കുന്നതായിരുന്നു കൺവീനറുടെ വാക്കുകൾ.
എൽ.ഡി.എഫിന്റെ നിലപാടുകളിൽ മാറ്റം വരുത്തണമോ എന്നറിയാൻ പി.ആർ ഏജൻസികളെ ഏൽപ്പിക്കില്ലെന്ന് ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. ‘അതിന് പി.ആർ ഏജൻസികളെ ആശ്രയിക്കില്ല. ജനങ്ങൾക്കിടയിൽ ചെന്നുതന്നെ പരിശോധിക്കും. തിരുത്തേണ്ടത് എന്താണെന്ന് ജനങ്ങളോട് നേരിട്ട് ചോദിക്കും.’ ജനകീയമായ രീതിയിൽ തന്നെ വീഴ്ചകൾ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതിൽ എൽ.ഡി.എഫിന് എവിടെയാണ് പിഴച്ചതെന്ന് ആഴത്തിൽ പരിശോധിക്കും. ഭരണത്തിലും പാർട്ടി പ്രവർത്തനത്തിലും വരുത്തേണ്ട മാറ്റങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്ത് നടപ്പിലാക്കുമെന്നും, പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നണി തിരിച്ചു വരുമെന്നും ടി.പി രാമകൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു.