14/05/2026
[fontresizer_tawhidurrahmandear_widget]

മൊസാദിനും ഐഡിഎഫിനും വേണ്ടി ഫലസ്തീനികളുടെ ഫോൺകോളുകൾ ചോർത്തി; കൺട്രി മാനേജർ ഉൾപ്പെടെ ഇസ്രയേലിലെ പ്രമുഖരെ മുഴുവൻ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്

 മൊസാദിനും ഐഡിഎഫിനും വേണ്ടി ഫലസ്തീനികളുടെ ഫോൺകോളുകൾ ചോർത്തി; കൺട്രി മാനേജർ ഉൾപ്പെടെ ഇസ്രയേലിലെ പ്രമുഖരെ മുഴുവൻ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്

തെൽ അവീവ്: ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനും പ്രതിരോധ സേനയായ ഐഡിഎഫിനും വേണ്ടി ഫലസ്തീനികൾക്കുമേൽ ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ കടുത്ത നടപടിയുമായി മൈക്രോസോഫ്റ്റ്. ഇസ്രയേൽ കൺട്രി ജനറൽ മാനേജർ അലോൺ ഹൈമോവിച്ച് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ കമ്പനി പിരിച്ചുവിട്ടു. മൊസാദിനും ഐഡിഎഫിനും സാങ്കേതിക സഹായം നൽകിയെന്ന കണ്ടെത്തലിനെത്തുടർന്നാണു കൂട്ടപ്പിരിച്ചുവിടൽ.

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് സേവനമായ ‘അസൂർ’ ആണ് ചാരപ്രവർത്തനത്തിന് ഉപയോഗിച്ചത്. ഫലസ്തീൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുകയും ചാരപ്രവർത്തനത്തിന് സൈന്യത്തിന് ഒത്താശ ചെയ്യുകയും ചെയ്തുവെന്ന ‘ദി ഗാർഡിയന്റെ’ അന്വേഷണ റിപ്പോർട്ട് ആണ് നടപടിക്ക് ആധാരമായത്. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മൈക്രോസോഫ്റ്റ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണത്തിലും ആരോപണങ്ങളിൽ വസ്തുതയുണ്ടെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് മൈക്രോസോഫ്റ്റ് കടുത്ത നടപടികളിലേക്കു കടന്നത്.

ഫലസ്തീനികളുടെ ഫോൺ കോളുകൾ റെക്കോർഡ് ചെയ്യാനും അവരുടെ ലൊക്കേഷനുകൾ നിരീക്ഷിക്കാനും മൈക്രോസോഫ്റ്റ് ഇസ്രയേൽ വിഭാഗം ഐഡിഎഫിന് രഹസ്യമായി സൗകര്യമൊരുക്കിയെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. യുദ്ധമേഖലകളിലും തർക്കപ്രദേശങ്ങളിലും സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യരുതെന്ന കമ്പനിയുടെ ആഗോള നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടി. ആഗോള നേതൃത്വത്തെ അറിയിക്കാതെയായിരുന്നു സൈന്യവുമായുള്ള ഈ വഴിവിട്ട ഇടപാടുകൾ.

ഇസ്രയേൽ പ്രതിരോധ മന്ത്രാലയവുമായുള്ള കരാറുകളിൽ വൻ ക്രമക്കേടും സുതാര്യതക്കുറവും ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് ‘മൈക്രോസോഫ്റ്റ് ഇസ്രയേൽ’ എന്ന സ്വതന്ത്ര വിഭാഗത്തെത്തന്നെ ഉടച്ചുവാർക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചത്. സാങ്കേതികവിദ്യ യുദ്ധക്കുറ്റങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന ആരോപണം ആഗോളതലത്തിൽ കമ്പനിയുടെ സൽപ്പേരിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഇസ്രയേൽ സൈന്യത്തെ സഹായിക്കുന്നതിനെതിരെ ‘നോ അസൂർ ഫോർ അപ്പാർത്തൈഡ്’ എന്ന പേരിൽ മൈക്രോസോഫ്റ്റിനെതിരെ ആഗോളതലത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ബിഡിഎസ് പ്രസ്ഥാനം എക്‌സ്‌ബോക്‌സ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തതും കമ്പനിയെ പ്രതിരോധത്തിലാക്കി.

കൺട്രി മാനേജർ അലോൺ ഹൈമോവിച്ചിനൊപ്പം ഇസ്രയേൽ ശാഖയിലെ പ്രധാന തീരുമാനങ്ങൾ എടുത്തിരുന്ന ഉന്നത ഉദ്യോഗസ്ഥരെല്ലാം പുറത്തായിട്ടുണ്ട്. ഇസ്രയേൽ ശാഖയുടെ നിയന്ത്രണം താൽക്കാലികമായി മൈക്രോസോഫ്റ്റ് ഫ്രാൻസിന് കൈമാറി. പകരം ഉദ്യോഗസ്ഥരെ നിയമിക്കുന്നത് വരെ മൈക്രോസോഫ്റ്റ് ഇസ്രയേലിന്റെ ചുമതല മൈക്രോസോഫ്റ്റ് ഫ്രാൻസ് നിർവഹിക്കും.

Also read: