03/06/2026
[fontresizer_tawhidurrahmandear_widget]

പശ്ചിമ ബംഗാളിൽ പള്ളിക്ക് നേരെ വർഗീയ പ്രകോപനം; കവാടത്തിൽ ‘ജയ് ശ്രീറാം’ മുദ്രാവാക്യവും താമരയും വരച്ച നിലയിൽ

 പശ്ചിമ ബംഗാളിൽ പള്ളിക്ക് നേരെ വർഗീയ പ്രകോപനം; കവാടത്തിൽ ‘ജയ് ശ്രീറാം’ മുദ്രാവാക്യവും താമരയും വരച്ച നിലയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിലുള്ള ധുലസിംല ഗ്രാമത്തിൽ പള്ളിക്ക് നേരെ പ്രകോപനപരമായ അതിക്രമം നടന്നതായി റിപ്പോർട്ട്. ഉലുബേരിയ പട്ടണത്തിലെ മധ്യപാര പള്ളിയുടെ കവാടത്തിന് സമീപമാണ് കാവി നിറത്തിൽ ‘ജയ് ശ്രീറാം’ എന്ന മുദ്രാവാക്യവും താമര ചിഹ്നവും വരച്ച നിലയിൽ കണ്ടെത്തിയത്. മെയ് 17 ന് രാവിലെ നമസ്കാരത്തിനെത്തിയ വിശ്വാസികളാണ് സംഭവം ആദ്യം കണ്ടത്. മുസ്‌ലിം സമുദായത്തെ ലക്ഷ്യം വച്ചുള്ള മനഃപൂർവമായ പ്രകോപനമാണിതെന്ന് പ്രദേശവാസികൾ ആരോപിച്ചു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് കടുത്ത സാമുദായിക ആശങ്കയും പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്. മതപരമായ ഇടങ്ങൾ ലക്ഷ്യമിട്ടുള്ള അതിക്രമങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. കഴിഞ്ഞ രാത്രിയിലാണ് ഈ അക്രമം നടന്നതെന്നും, മദ്യപിച്ച ചില അക്രമികളാകാം ഇതിന് പിന്നിലെന്നുമാണ് അധികൃതർ സംശയിക്കുന്നത്. നിലവിൽ സ്ഥിതിഗതികൾ സമാധാനപരമായി നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും, മുസ്‌ലിം സമുദായത്തിൽ നിന്ന് ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഉലുബേരിയ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ജാദവ് ശുഭം പാണ്ഡുരംഗ് അറിയിച്ചു. പ്രതികളെ തിരിച്ചറിയാനായി പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് പിന്നാലെ പള്ളികൾക്കും ഇസ്ലാമിക കേന്ദ്രങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങളും അപമാനിക്കൽ ശ്രമങ്ങളും വർധിച്ചതായി മുസ്‌ലിം സംഘടനകൾ പരാതിപ്പെടുന്നുണ്ട്. മെയ് 4 നും മെയ് 7 നും ഇടയിൽ മാത്രം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട് പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങളും ഭീഷണികളും ഉൾപ്പെടെ 34-ഓളം അക്രമ സംഭവങ്ങൾ നടന്നതായി അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സിന്റെ അന്വേഷണ റിപ്പോർട്ടും വ്യക്തമാക്കുന്നു.

Also read: