കർണാടകയിൽ വീണ്ടും ട്വിസ്റ്റ്? സിദ്ധരാമയ്യ രാജ്യസഭയിലേക്ക്; മുഖ്യമന്ത്രിയായി ഡി.കെ അല്ല, ഖാർഗെ?
മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‍ക്കൊപ്പം സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും
ന്യൂഡൽഹി: കർണാടക രാഷ്ട്രീയത്തെ വീണ്ടും മുൾമുനയിലാക്കി കോൺഗ്രസ് സർക്കാരിൽ വലിയ അഴിച്ചുപണികൾക്ക് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് മാറ്റി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. സിദ്ധരാമയ്യ രാജ്യസഭാ അംഗമാകും. എന്നാൽ, പകരം മുഖ്യമന്ത്രിയായി എത്തുക ഡി.കെ ശിവകുമാർ ആകില്ലെന്ന കൗതുകമുണർത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കർണാടക മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തലത്തിൽ നീക്കങ്ങൾ സജീവമാകുന്നതായി ദേശീയ മാധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
ഭരണനേതൃത്വത്തിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും കോൺഗ്രസ് നേതൃത്വം അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പതിവ് ചർച്ചകളാണ് ഇതെന്ന് പാർട്ടി വൃത്തങ്ങൾ ഔദ്യോഗികമായി വ്യക്തമാക്കുന്നുണ്ടെങ്കിലും, കർണാടക ഭരണത്തിൽ വലിയൊരു മുഖംമിനുക്കൽ നടത്താനുള്ള ഫോർമുലയാണ് ഹൈക്കമാൻഡ് മുന്നോട്ടുവെക്കുന്നത്.
സിദ്ധരാമയ്യ രാജ്യസഭയിലേക്ക്; ‘ബിഹാർ മോഡൽ’ സമവായം
അടുത്ത മാസം നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ 77-കാരനായ സിദ്ധരാമയ്യയെ മത്സരിപ്പിച്ച് ഡൽഹിയിലേക്ക് മാറ്റാനാണ് പാർട്ടിയിലെ പ്രബല വിഭാഗം ആഗ്രഹിക്കുന്നത്. കർണാടകയിൽനിന്ന് ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണത്തിലും കോൺഗ്രസിന് എളുപ്പത്തിൽ വിജയിക്കാനാകും. സിദ്ധരാമയ്യ പദവി ഒഴിഞ്ഞാൽ അദ്ദേഹത്തിന്റെ മകൻ ഡോ. യതീന്ദ്ര സിദ്ധരാമയ്യയ്ക്ക് സംസ്ഥാന മന്ത്രിസഭയിൽ ഉയർന്ന പദവി നൽകിക്കൊണ്ട് സമവായത്തിലെത്താനാണ് നീക്കം.
അടുത്തിടെ ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രി പദം ഒഴിഞ്ഞ് രാജ്യസഭയിലേക്ക് മാറുകയും മകനെ മന്ത്രിയാക്കുകയും ചെയ്തതിന് സമാനമായ ഒരു തന്ത്രമാണ് കോൺഗ്രസും ഇവിടെ പയറ്റുന്നത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാല എന്നിവർക്ക് ഈ ഫോർമുലയോട് യോജിപ്പാണെന്നാണ് വിവരം.
ഡി.കെയ്ക്ക് വീണ്ടും നിരാശ? മുഖ്യമന്ത്രിയായി ഖാർഗെയെ പരിഗണിക്കുന്നു
2023-ൽ കോൺഗ്രസ് കർണാടകയിൽ അധികാരത്തിൽ വന്നപ്പോൾ, രണ്ടര വർഷത്തെ കാലാവധി കഴിയുമ്പോൾ മുഖ്യമന്ത്രി പദം കൈമാറാമെന്ന ധാരണയുണ്ടായിരുന്നതായി ഡി.കെ. ശിവകുമാർ അനുകൂലികൾ വാദിച്ചിരുന്നു. എന്നാൽ ഈ കാലാവധി കഴിഞ്ഞിട്ടും സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞിരുന്നില്ല.
ഇപ്പോൾ സിദ്ധരാമയ്യ രാജ്യസഭയിലേക്ക് മാറാൻ സമ്മതിച്ചാൽ പോലും, ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിനോട് അദ്ദേഹത്തിന് ഒട്ടും യോജിപ്പില്ലെന്നാണ് റിപ്പോർട്ടുകൾ. താൻ മാറുകയാണെങ്കിൽ, പകരം ദലിത് വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവ് കൂടിയായ മല്ലികാർജുൻ ഖാർഗെ കർണാടക മുഖ്യമന്ത്രിയാകട്ടെ എന്ന നിലപാടാണ് സിദ്ധരാമയ്യ മുന്നോട്ടുവെക്കുന്നത്. രണ്ട് പ്രബല ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം ഒഴിവാക്കാൻ ഖാർഗെ മുഖ്യമന്ത്രിയാകുന്നതിനെ ഹൈക്കമാൻഡിനും എതിർക്കാനാവില്ല. അങ്ങനെ വന്നാൽ അത് ഡി.കെ ശിവകുമാറിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകും.
ഡൽഹിയിൽ എത്തിയ ഡി.കെ ശിവകുമാറിനോട് താൻ മുഖ്യമന്ത്രിയാകുമോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, അദ്ദേഹം പുഞ്ചിരിയോടെ പ്രതികരിക്കാൻ വിസമ്മതിക്കുകയാണുണ്ടായത്. എങ്കിലും 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് തന്നെ സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അഭ്യൂഹങ്ങൾ തള്ളി സിദ്ധരാമയ്യ
ഡൽഹിയിലേക്ക് തിരിക്കുന്നതിന് മുൻപ് ബെംഗളൂരുവിൽ മാധ്യമങ്ങളെ കണ്ട സിദ്ധരാമയ്യ, നേതൃമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ തള്ളി. രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാൽ ചർച്ചയ്ക്ക് വിളിച്ചതുകൊണ്ടാണ് പോകുന്നതെന്നും നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ എപ്പോഴുമുണ്ടാകുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഭരണവിരുദ്ധ വികാരം മറികടക്കാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ നേരിടാനും കർണാടകയിൽ നേതൃമാറ്റം അനിവാര്യമാണെന്ന ചിന്ത കോൺഗ്രസ് നേതൃത്വത്തിനുണ്ട്. കോൺഗ്രസിനുള്ളിലെ ഈ ആഭ്യന്തര തർക്കങ്ങൾ സംസ്ഥാനത്തെ ഭരണത്തെ ബാധിക്കുന്നുവെന്ന വിമർശനവുമായി പ്രതിപക്ഷമായ ബി.ജെ.പി ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ഡൽഹിയിൽ നടക്കുന്ന ഹൈക്കമാൻഡ് കൂടിക്കാഴ്ചകളോടെ കർണാടക രാഷ്ട്രീയത്തിലെ പുതിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള സസ്‌പെൻസിന് അറുതിയാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.