കോൺഗ്രസ് അധ്യക്ഷനാകാൻ കെ.സി വേണുഗോപാൽ? സിദ്ധരാമയ്യയെ മാറ്റാൻ വൻ അഴിച്ചുപണിക്ക് ഹൈക്കമാൻഡ്
ന്യൂഡൽഹി: കർണാടകയിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അധികാരത്തർക്കം പരിഹരിക്കാൻ ദേശീയതലത്തിൽ വൻ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റിനിർത്തിക്കൊണ്ട് സംസ്ഥാന ഭരണത്തിലും കേന്ദ്ര സംഘടനാതലത്തിലും വലിയ മാറ്റങ്ങൾ വരുത്താനുള്ള സമവായ ഫോർമുലയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതുപ്രകാരം എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടക മുഖ്യമന്ത്രിയാകാനും, നിലവിലെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടുത്ത കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കാനുമുള്ള സാധ്യതകളും സജീവ ചർച്ചയിലുണ്ടെന്ന് ദേശീയ മാധ്യമമായ ‘ലൈവ് ഹിന്ദുസ്ഥാൻ’ റിപ്പോർട്ട് ചെയ്തു.
സിദ്ധരാമയ്യയ്ക്ക് ഹൈക്കമാൻഡിന്റെ ‘വലിയ ഓഫറുകൾ’
മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാകുന്ന പക്ഷം സിദ്ധരാമയ്യയ്ക്ക് മുന്നിൽ വൻ ഓഫറുകളാണ് കോൺഗ്രസ് നേതൃത്വം വെച്ചിരിക്കുന്നത്. ജൂണിൽ കർണാടകയിൽനിന്ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലൊന്നിൽ മത്സരിപ്പിച്ച് അദ്ദേഹത്തെ ഡൽഹിയിലെത്തിക്കും. ദേശീയ രാഷ്ട്രീയത്തിൽ വലിയൊരു പദവിയും നൽകും. പകരമായി മകൻ ഡോ. യതീന്ദ്ര സിദ്ധരാമയ്യയ്ക്ക് കർണാടക മന്ത്രിസഭയിൽ മികച്ചൊരു വകുപ്പ് നൽകുകയും ചെയ്യും. ഇങ്ങനെയാണ് ഇതുവരെ ഉരുത്തിരിഞ്ഞിട്ടുള്ള പ്രധാന ഫോർമുല.
എന്നാൽ, കേവലമൊരു സ്ഥാനമാറ്റത്തിനപ്പുറം, ദേശീയ രാഷ്ട്രീയത്തിൽ വലിയൊരു ദൗത്യമാണ് കോൺഗ്രസ് നേതൃത്വം സിദ്ധരാമയ്യയ്ക്കായി നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്തുടനീളം ജാതി സെൻസസിനും സാമൂഹിക നീതിക്കും വേണ്ടി രാഹുൽ ഗാന്ധി ശക്തമായി വാദിക്കുന്ന ഈ സാഹചര്യത്തിൽ, പാർട്ടിക്ക് ദേശീയതലത്തിൽ ഉയർത്തിക്കാട്ടാൻ പറ്റിയ ഏറ്റവും പ്രമുഖനായ ഒ.ബി.സി മുഖമാണ് സിദ്ധരാമയ്യയെന്ന് ഹൈക്കമാൻഡ് അദ്ദേഹത്തെ ധരിപ്പിച്ചതായാണ് വിവരം.
സിദ്ധരാമയ്യ പാർട്ടിയുടെ ഏറ്റവും വലിയ ഒ.ബി.സി നേതാക്കളിൽ ഒരാളാണ്. 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തിൽ ഇതിലും വലിയൊരു പങ്ക് അദ്ദേഹം വഹിക്കണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും ചർച്ചകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ഡി.കെയ്ക്ക് തടയിടാൻ ‘ഖാർഗെ ഫോർമുല’; നേതൃത്വത്തിലേക്ക് കെ.സി
കർണാടകയിൽ മുഖ്യമന്ത്രി കാലാവധിയുടെ പകുതി കഴിഞ്ഞാൽ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് അധികാരം കൈമാറാമെന്ന മുൻ ധാരണയുണ്ടായിരുന്നു. എന്നാൽ, ശിവകുമാറിന് പദവി കൈമാറുന്നതിനോട് സിദ്ധരാമയ്യ പക്ഷത്തിന് ഇപ്പോഴും വിയോജിപ്പുണ്ട്. താൻ മാറിയാലും പകരം ഒരു ഒബിസി നേതാവ് തന്നെ ആ സ്ഥാനത്തു വരണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചതായാണു വിവരം. ഈ സാഹചര്യത്തിലാണ് ഇരുവിഭാഗത്തിനും സ്വീകാര്യനായ ഒരു സമവായ സ്ഥാനാർത്ഥിയായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് ഉയർന്നുവന്നത്.
മല്ലികാർജുൻ ഖാർഗെ കർണാടക മുഖ്യമന്ത്രിയായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണെങ്കിൽ, എ.ഐ.സി.സി അധ്യക്ഷ പദവിയിലേക്ക് പുതിയൊരാൾ വരേണ്ടതുണ്ട്. രാഹുൽ ഗാന്ധിയുടെ ഉറ്റവിശ്വസ്തനും സംഘടനാ കാര്യങ്ങളിൽ മികച്ച മികവ് തെളിയിച്ച നേതാവുമായ കെ.സി വേണുഗോപാലിനെ ഈ പദവിയിലേക്ക് ഉയർത്താനാണ് രാഹുൽ ഗാന്ധിയുടെ താൽപര്യമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ലൈവ് ഹിന്ദുസ്ഥാൻ’ റിപ്പോർട്ട് ചെയ്യുന്നു.
കർണാടകയിലെ അധികാരത്തർക്കം പരിഹരിക്കാൻ മുന്നിൽനിൽക്കുന്ന നേതാവ് കൂടിയാണ് വേണുഗോപാൽ. ഇരുനേതാക്കളുമായും നേരിട്ട് ചർച്ച നടത്തി പ്രശ്‌നപരിഹാരത്തിന് നേതൃത്വം നൽകുന്നത് കെ.സിയാണ്. ഇത്തരത്തിൽ കർണാടക പ്രതിസന്ധിയിൽ ഹൈക്കമാൻഡിനു മുന്നിലുള്ള ‘ട്രബിൾഷൂട്ടർ’ കൂടിയാണ് കെ.സി. നേരത്തെ, വിവിധ സംസ്ഥാനങ്ങളിൽ സംഘടനാ പ്രശ്‌നങ്ങളിലും അധികാര തർക്കങ്ങളിലും ഇടപെട്ട് പരിഹാരം കണ്ടതിന്റെ പരിചയസമ്പത്തു കൂടി അദ്ദേഹത്തിനുണ്ട്. ഇതും അധ്യക്ഷസ്ഥാനത്തേക്ക് കെ.സിയെ പരിഗണിക്കാനുള്ള ഘടകങ്ങളാകുമെന്നാണു വിലയിരുത്തൽ.
നേരത്തെ, കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയ്ക്കിടയിലും ഇത്തരമൊരു ആശയം ഉയർന്നുവന്നിരുന്നു. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിനു പകരമായി കെ.സിക്ക് ഉയർന്ന പദവി ഹൈക്കമാൻഡ് വാഗ്ദാനം ചെയ്‌തെന്നായിരുന്നു അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നത്. അദ്ദേഹത്തെ കോൺഗ്രസ് അധ്യക്ഷനാക്കുന്നതടക്കമുള്ള ഓഫറുകളും മുന്നിൽവച്ചതായി അന്ന് വാർത്തകൾ വന്നിരുന്നു.
ഭരണവിരുദ്ധ വികാരം മറികടക്കാൻ നീക്കം
സിദ്ധരാമയ്യയ്ക്ക് സംസ്ഥാനത്തെ എം.എൽ.എമാർക്കിടയിൽ വലിയ പിന്തുണയുണ്ടെങ്കിലും നിലവിലെ സർക്കാരിന്റെ റേറ്റിങ്ങിൽ പാർട്ടി നേതൃത്വത്തിന് ആശങ്കയുണ്ട്. ഇതേ രീതിയിൽ മുന്നോട്ട് പോയാൽ 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാല എന്നിവർ കർണാടകയിൽ നേതൃമാറ്റം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
കൂടാതെ, വരാനിരിക്കുന്ന കടുത്ത ഭരണവിരുദ്ധ വികാരത്തെ നേരിടാൻ ഡി.കെ ശിവകുമാറിനെ 2028-ലെ തെരഞ്ഞെടുപ്പ് നയിക്കാൻ ചുമതലപ്പെടുത്തണമെന്ന തന്ത്രപരമായ ആവശ്യവും സിദ്ധരാമയ്യ ക്യാമ്പിൽനിന്ന് ഉയരുന്നുണ്ട്. ഇത് ശിവകുമാറിന്റെ രാഷ്ട്രീയശക്തിയെ ഭാവിയിൽ ദുർബലപ്പെടുത്താൻ സഹായിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
ഡൽഹിയിൽ വെച്ച് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും സിദ്ധരാമയ്യയുമായി മണിക്കൂറുകൾ നീണ്ട അടച്ചിട്ട മുറിയിൽ ചർച്ചകൾ നടത്തിയിരുന്നു. ചർച്ചകൾക്ക് ശേഷം ഔദ്യോഗികമായി തർക്കങ്ങൾ നിഷേധിച്ചുകൊണ്ട് കെ.സി വേണുഗോപാൽ രംഗത്തെത്തിയെങ്കിലും, സിദ്ധരാമയ്യയെ ഡൽഹിയിലേക്ക് മാറ്റി നിർണായകമായ രാഷ്ട്രീയ നീക്കത്തിനു തന്നെയാണ് ഹൈക്കമാൻഡ് ഒരുങ്ങുന്നത്.