09/06/2026
[fontresizer_tawhidurrahmandear_widget]

‘അമിത് ഷാ നേരിട്ടു വിളിച്ചു’; യൂസുഫ് പത്താൻ ബിജെപിയിലേക്ക്? ഡൽഹിയിൽ കൂടിക്കാഴ്ചയെന്ന് റിപ്പോർട്ട്

 ‘അമിത് ഷാ നേരിട്ടു വിളിച്ചു’; യൂസുഫ് പത്താൻ ബിജെപിയിലേക്ക്? ഡൽഹിയിൽ കൂടിക്കാഴ്ചയെന്ന് റിപ്പോർട്ട്

കൊൽക്കത്ത/ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നു. ബഹറാംപൂർ ലോക്സഭാ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താൻ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് യൂസുഫ് പത്താനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

മുതിർന്ന തൃണമൂൽ നേതാവ് കല്യാൺ ബാനർജിയാണു വാർത്ത പുറത്തുവിട്ടത്. ഗുജറാത്തിലെ ബറോഡയിലായിരുന്ന പത്താനുമായി താൻ സംസാരിച്ചിരുന്നുവെന്നും അമിത് ഷാ വിളിച്ചതു പ്രകാരം താൻ ഡൽഹിക്ക് പോകുകയാണെന്ന് പത്താൻ വ്യക്തമാക്കിയതായും കല്യാൺ ബാനർജി പറഞ്ഞു. പാർട്ടിയെ തകർക്കാൻ പിന്നിൽനിന്ന് കളിക്കുന്നത് അമിത് ഷായാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് ഡൽഹിയിൽ വെച്ച് അമിത് ഷായും യൂസുഫ് പത്താനും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച നടക്കുമെന്നാണു വിവരം.

മമത ബാനർജിക്ക് പാർലമെന്റിലെത്താൻ വേണ്ടി യൂസുഫ് പത്താനോട് ബഹറാംപൂർ സീറ്റ് ഒഴിയാൻ ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. സൗരവ് ഗാംഗുലി മുഖേനെയാണ് പാർട്ടി നേതൃത്വം ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചതെന്നായിരുന്നു വാർത്ത. ഇക്കാര്യം ഗാംഗുലി നിഷേധിച്ചെങ്കിലും, യൂസുഫ് പത്താൻ വിവാദത്തിൽ പൂർണ വ്യക്തത വരുത്താൻ തയാറായിരുന്നില്ല. താൻ യൂസുഫ് പത്താനുമായി അത്തരത്തിൽ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വ്യക്തമാക്കിയത്. താൻ ഇത്തരം രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, ഈ വിവാദങ്ങൾക്കു പിന്നാലെയാണ് പത്താൻ തൃണമൂലിലെ വിമതനേതാക്കൾക്കൊപ്പം ബിജെപിയിലേക്കോ എൻഡിഎ സഖ്യത്തിലേക്കോ ചേക്കാറാൻ നീക്കം നടത്തുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്.

പുതിയ റിപ്പോർട്ടുകൾക്കു പിന്നാലെ യൂസുഫ് പത്താനെതിരെ കടുത്ത ഭാഷയിലാണ് തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര രംഗത്തെത്തിയത്. ”യൂസുഫ് പത്താൻ, അമിത് ഷാ വിളിച്ചതുകൊണ്ട് മാത്രം നിങ്ങൾ ഡൽഹിയിലേക്ക് ഓടുകയാണോ? അൽപം ധൈര്യം കാണിക്കൂ. നിങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ച ആളാണ്. ഞങ്ങളുടെ ജില്ലയിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തിനാണ് നിങ്ങളെ വോട്ട് ചെയ്ത് ജയിപ്പിച്ചത്. അൽപമെങ്കിലും നാണവും നട്ടെല്ലും കാണിക്കൂ!’-മഹുവ എക്‌സിൽ കുറിച്ചു.

അതിനിടെ, മുതിർന്ന നേതാവ് കാക്കോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ 20 തൃണമൂൽ ലോക്സഭാ എംപിമാർ മമത ബാനർജിയെ കൈവിട്ട് എൻഡിഎ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതായാണു വിവരം. തങ്ങൾ പ്രത്യേക ഗ്രൂപ്പായി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകാൻ തീരുമാനിച്ചതായി ദസ്തിദാർ വ്യക്തമാക്കി.

തൃണമൂലിന്റെ ആകെയുള്ള 80 എംഎൽഎമാരിൽ 58 പേരും വിമതപക്ഷത്ത് ചേർന്നു. ഔദ്യോഗിക നേതൃത്വം പ്രതിപക്ഷ നേതാവായി നിർദേശിച്ച ശോഭൻദേവ് ചതോപാധ്യായയെ വെട്ടിമാറ്റി, വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കാൻ ഈ 58 പേരും ഒപ്പിട്ട കത്ത് സ്പീക്കർക്ക് കൈമാറുകയും സ്പീക്കർ അതിന് ഔദ്യോഗിക അംഗീകാരം നൽകുകയും ചെയ്തു. തൃണമൂലിന്റെ രാജ്യസഭാ എംപി സുഖേന്ദു ശേഖർ റോയ് പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് എംപി സ്ഥാനം രാജിവെച്ചു.

പാർട്ടിയിൽ വലിയ പിളർപ്പ് നിലനിൽക്കുന്നതിനിടെ, തൃണമൂലിന്റെ സിറ്റിങ് എംപിമാരും ജനപ്രിയ താരങ്ങളുമായ ജൂൺ മാലിയ (മേദിനിപൂർ എംപി), ദീപക് അധികാരി എന്ന ദേവ് (ഘട്ടാൽ എംപി) എന്നിവർ പൂർബ മേദിനിപൂർ ജില്ലയിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ നടന്ന ഔദ്യോഗിക ഭരണനിർവഹണ അവലോകന യോഗത്തിൽ പങ്കെടുത്തത് തൃണമൂലിനെ കൂടുതൽ വെട്ടിലാക്കി.

ഇതിനിടയിൽ, എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കുന്ന 20 എംപിമാരുടെ വിവരങ്ങൾ അടങ്ങിയ ചിത്രങ്ങൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചെങ്കിലും അത് ബിജെപി നിർമിതമായ വ്യാജ ലിസ്റ്റാണെന്ന് തൃണമൂൽ എംപി കീർത്തി ആസാദ് തള്ളിക്കളഞ്ഞു. തങ്ങളെ ചതിച്ച് ബിജെപിയിൽ ചേക്കേറാൻ നോക്കുന്നവർക്ക് രാഷ്ട്രീയ ധാർമികതയില്ലെന്ന് കല്യാൺ ബാനർജിയും കീർത്തി ആസാദും കുറ്റപ്പെടുത്തി. എന്നാൽ, തൃണമൂലിലെ പിളർപ്പിനു കാരണം മമത ബാനർജിയുടെ സ്വേച്ഛാധിപത്യ ഭരണമാണെന്നും ഇതിൽ ബിജെപിക്ക് പങ്കില്ലെന്നും ബിജെപി എംപി രാജു ബിസ്ത വ്യക്തമാക്കി.

Also read: