18/06/2026
[fontresizer_tawhidurrahmandear_widget]

‘കോണ്‍ഗ്രസ് വാഗ്ദാനങ്ങളെല്ലാം വെറും വോട്ട് തട്ടാനുള്ള തന്ത്രം, ഭരണം ലഭിച്ചപ്പോള്‍ വെള്ളാപ്പള്ളി എങ്ങനെ അഭിമതനായി?’; പിണറായി വിജയൻ

 ‘കോണ്‍ഗ്രസ് വാഗ്ദാനങ്ങളെല്ലാം വെറും വോട്ട് തട്ടാനുള്ള തന്ത്രം, ഭരണം ലഭിച്ചപ്പോള്‍ വെള്ളാപ്പള്ളി എങ്ങനെ അഭിമതനായി?’; പിണറായി വിജയൻ

തിരുവനന്തപുരം: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം വെറും വോട്ട് തട്ടാനുള്ള തന്ത്രങ്ങളായിരുന്നു എന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് യുഡിഎഫ് സർക്കാരിന്റെ നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്.

ഇത്രയും നാൾ മതവിദ്വേഷം പ്രചരിപ്പിക്കുന്ന ആളാണെന്ന് പറഞ്ഞ് യുഡിഎഫ് മാറ്റിനിർത്തിയ വെള്ളാപ്പള്ളി നടേശൻ, ഇപ്പോൾ ഭരണം കിട്ടിയപ്പോൾ അവർക്ക് എങ്ങനെയാണ് അഭിമതനായതെന്ന് പിണറായി ചോദിച്ചു. ഭരണം ലഭിച്ചതോടെ വെള്ളാപ്പള്ളിയുടെ അനുഗ്രഹം വാങ്ങാൻ യുഡിഎഫ് നേതാക്കൾ വരിനിൽക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. എൽഡിഎഫ് സർക്കാർ സൃഷ്ടിച്ച മാതൃകകളിൽ നിന്ന് യുഡിഎഫ് അതിവേഗം പിന്നോട്ട് നടക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രത്തിന്റെ ‘പിഎം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ കോൺഗ്രസ് വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം വളരെ മുൻപ് തന്നെ ഇതിൽ ഒപ്പിട്ടിരുന്നു. എൽഡിഎഫ് സർക്കാർ ഒപ്പിട്ട കരാർ പിന്നീട് നിർത്തിവെക്കാൻ തീരുമാനിക്കുകയും കേന്ദ്രത്തിന് കത്ത് നൽകുകയും ചെയ്തതാണ്. എന്നാൽ ഇപ്പോൾ എൽഡിഎഫ് ഒപ്പിട്ടതുകൊണ്ട് നടപ്പാക്കാതെ പറ്റില്ലെന്ന വാദമാണ് യുഡിഎഫ് ഉയർത്തുന്നത്.

നെഹ്‌റുവിയൻ സോഷ്യലിസ്റ്റാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ തീരുമാനങ്ങൾ അതിന് കടകവിരുദ്ധമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രം എൽഡിഎഫിന്റെ ജനകീയ വികസന ബദലുകളുടെയും ക്ഷേമപദ്ധതികളുടെയും അടിവേരിളക്കുന്ന രാഷ്ട്രീയ നയരേഖയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ഊർജം, കരിമണൽ ഖനനം, തുറമുഖങ്ങൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളെല്ലാം കുത്തകകൾക്ക് തീറെഴുതാനും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കാനുമാണ് ധവളപത്രത്തിലൂടെ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ലേഖനത്തിൽ ആരോപിച്ചു.

Also read: