‘പിണറായിയോടുള്ള പ്രശ്നം രാഹുലിൻ്റെ മനസിലെ ജാതിബോധം, മോദിയെ കെട്ടിപ്പിടിക്കാൻ പ്രശ്നവുമില്ല’- എ.കെ ബാലൻ
തിരുവനന്തപുരം: പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് എ.കെ ബാലൻ. പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന് രാഹുൽ പറയുന്നത് അദ്ദേഹത്തിന്റെ മനസ്സിലെ ജാതിബോധവും സവർണ ചിന്താഗതിയും കൊണ്ടാണെന്ന് എ.കെ ബാലൻ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കാൻ രാഹുലിന് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫിനെ പരിഹസിച്ചുകൊണ്ടായിരുന്നു എ.കെ ബാലന്റെ പ്രതികരണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്നായിരുന്നു കെ.എം ഷാജിയുടെ മുൻ പ്രസ്താവന. എന്നാൽ ഇപ്പോൾ അറബിക്കടലിൽ വല വീശി നോക്കിയിട്ടും അതിന്റെ ഒരു തുമ്പ് പോലും കിട്ടിയിട്ടില്ലെന്ന് ബാലൻ പരിഹസിച്ചു. എൽഡിഎഫ് സർക്കാർ മരവിപ്പിച്ച പദ്ധതിയാണിത്. ഇത് നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് യാതൊരു ബാധ്യതയുമില്ലെന്നും, ബാധ്യതയുണ്ടെന്ന് സർക്കാർ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ മുസ്ലിം ലീഗ് പ്രതിരോധത്തിലായിരിക്കുകയാണ്. പദ്ധതിയോടുള്ള രാഷ്ട്രീയ വിയോജിപ്പ് തുടരുമെന്ന് മന്ത്രി കെ.എം ഷാജി വ്യക്തമാക്കി. ഇത് തന്റെ വ്യക്തിപരമായ തീരുമാനമല്ലെന്ന് ന്യായീകരിച്ച ഷാജി, പദ്ധതി അറബിക്കടലിൽ തള്ളുമെന്ന പഴയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ കെ.എം ഷാജിക്കെതിരെ എൽഡിഎഫ് വലിയ രീതിയിലുള്ള രാഷ്ട്രീയ ആക്രമണമാണ് അഴിച്ചുവിടുന്നത്.