14/05/2026
[fontresizer_tawhidurrahmandear_widget]

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; പ്രഖ്യാപനം ഉച്ചയോടെ

 കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; പ്രഖ്യാപനം ഉച്ചയോടെ

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ അവസാനവട്ട ചർച്ചകൾ ഇന്ന് നടക്കും. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും തമ്മിലാണ് പ്രധാന ചർച്ച. കെ.സി, വി.ഡി, ആർ.സി പക്ഷങ്ങളുടെ അവകാശവാദങ്ങളും ഡൽഹി ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ഉന്നയിച്ച വിഷയങ്ങളും എ.ഐ.സി.സി നിരീക്ഷകരുടെ റിപ്പോർട്ടും വിശദമായി ചർച്ച ചെയ്യും. ഘടകകക്ഷി നേതാക്കളുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചേക്കും. ഇതിനെല്ലാം ശേഷം ഉച്ചയോടെ തീരുമാനം പ്രഖ്യാപിക്കും. എല്ലാവർക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി. കേരളത്തിൽ നിന്നെത്തിയ നേതാക്കളുടെ അഭിപ്രായം ഇന്നലെ ഹൈക്കമാൻഡ് കേട്ടു. പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷം കണക്കിലെടുക്കണം എന്നാണ് കൂടുതൽ നേതാക്കളും അഭിപ്രായപ്പെട്ടത്. സമൂഹമാധ്യമങ്ങളല്ലല്ലോ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കേണ്ടത് എന്നു കൂടി പറഞ്ഞു തലമുതിർന്ന നേതാക്കൾ. രാഹുൽഗാന്ധിയെ കണ്ട നേതാക്കളിൽ ഭൂരിപക്ഷവും പറഞ്ഞത് പാർട്ടിയുടെ പരമ്പരാഗത രീതി പിന്തുടരണം അഥവാ നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം മാനിക്കണം എന്ന നിലപാടാണ്.

കേരളത്തിൽ കണ്ട നിരത്തിലെ പ്രതിഷേധങ്ങൾ ചില തൽപരകക്ഷികൾ സൃഷ്ടിച്ചവയാണ്. കെ.സി. വേണുഗോപാലിനെതിരെ ഹീനമായ വ്യക്തിഹത്യയ്ക്ക് കളമൊരുക്കിയതും ഇവർ തന്നെ. ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കരുത്. എന്നാൽ സംസ്ഥാനത്ത് കാണുന്ന പ്രതിഷേധങ്ങൾ ജനവികാരമാണ് പ്രതിഫലിപ്പിക്കുന്നത് എന്നായിരുന്നു കെ. മുരളീധരന്റെ പക്ഷം. ഇത് അവഗണിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യും എന്നിങ്ങനെയായിരുന്നു നിലപാടുകൾ. ജനവികാരം അവഗണിക്കരുത് എന്ന് ഇന്നലെ പ്രിയങ്ക ഗാന്ധി രാഹുൽ ഗാന്ധിയെ അറിയിച്ചിരുന്നു. വൈകിയെത്തിയ വി.എം സുധീരനും ഫോണിലൂടെ മുല്ലപ്പള്ളി രാമചന്ദ്രനും നിലപാട് വ്യക്തമാക്കി. ഇനിയുള്ളത് മല്ലികാർജുൻ ഖർഗെയും എ.കെ ആന്റണിയുമായി രാഹുൽഗാന്ധി നടത്തുന്ന ചർച്ചകളാണ്. പിടിവലി ശക്തമായതിനാൽ പ്രതിഷേധത്തിന്റെ ശക്തി കുറയ്ക്കാൻ പറ്റുന്ന തീരുമാനമാണ് കോൺഗ്രസ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. അതേസമയം, മുസ്ലിം ലീഗിന്റെ നേതൃയോഗം ഇന്ന് പാണക്കാട് ചേരും. മുഖ്യമന്ത്രി, മന്ത്രിസഭാ രൂപീകരണ ചർച്ചകളാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട. മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ട് പോകുന്നതിനുള്ള ലീഗിന്റെ അനിഷ്ടവും ചർച്ചയാകും. മുസ്ലിം ലീഗ് മന്ത്രിമാരെ തീരുമാനിക്കാൻ കൂടിയാണ് യോഗം.

Also read: