‘ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചു’; മാനന്തവാടിയിൽ യുവതിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം
അഫ്സസില
മാനന്തവാടി: എടവക പള്ളിക്കലിൽ കഴിഞ്ഞ ദിവസം ക്വാർട്ടേഴ്സിനുള്ളിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. കുപ്പാടിത്തറ തെറ്റത്ത് സ്വദേശിനി അഫ്സസില(27)യെയാണ് തിങ്കളാഴ്‌ച ഉച്ചയോടെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ മരണത്തിൽ ഭർത്താവ് എടവക പള്ളിക്കൽ വടക്കേ പുത്തൻപുരയിൽ ജാബിറിന് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.
അഫ്സിലയുടെ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മാവൻ കേളോത്ത് സുലൈമാൻ മാനന്തവാടി പോലീസിൽ പരാതി നൽകി. ജാബിറും അദ്ദേഹത്തിന്റെ വീട്ടുകാരും അഫ്സിലയെ നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. മുൻപും പലതവണ കുടുംബവഴക്കുകൾ ഉണ്ടായിരുന്നെങ്കിലും മഹല്ല് കമ്മിറ്റിയുടെ മധ്യസ്ഥതയിലാണ് പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നത്. എട്ടും ആറും വയസ്സുള്ള കുട്ടികളും 11 മാസം മാത്രം പ്രായമുള്ള മറ്റൊരു കുഞ്ഞും അഫ്‌സിലയ്ക്കുണ്ട്.
മക്കളുടെ ഭാവി ആലോചിച്ചാണ് പലപ്പോഴും പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിച്ചതെന്നും, മുൻപ് പോലീസ് സ്റ്റേഷൻ മുഖേനയും ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കി. അഫ്സിലയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും സുലൈമാൻ ആരോപിച്ചു. മരണത്തിന് കാരണക്കാരായ കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് അഫ്‌സിലയുടെ സഹോദരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
പടിഞ്ഞാറത്തറ കുപ്പാടിത്തറയിലെ പരേതനായ തെറ്റത്ത് കുഞ്ഞാലിയുടെയും കേളോത്ത് നബീസയുടെയും മകളാണ് അഫ്സില. അയ്‌സിൻ ആദം, അയിൻ ഹമദ്, അസിൻ ഖൈസ് എന്നിവരാണ് മക്കൾ. അനസ്, ഷക്കീൽ എന്നിവർ സഹോദരങ്ങളാണ്. വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം അഫ്‌സിലയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ടോടെ കുപ്പാടിത്തറ നടമ്മൽ ജുമാ മസ്‌ജിദ് കബർസ്ഥാനിൽ കബറടക്കി.