‘ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചന’; സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനത്തിൽ സുകുമാരൻ നായർ
പെരുന്ന: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ തെരഞ്ഞെടുത്തതിൽ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ നിയമനം ഭരണത്തിൽ മുസ്‌ലിം ലീഗ് പിടിമുറുക്കുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെ വേണമായിരുന്നു പരിഗണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തല അവഗണിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. സതീശന് പുറമെ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെയും ഹൈക്കമാൻഡ് പരിഗണിച്ചിരുന്നു. ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ വേണുഗോപാലിനായിരുന്നെങ്കിലും, ഘടകക്ഷികളുടെയും അണികളുടെയും താല്പര്യം പരിഗണിച്ചാണ് സതീശനെ തെരഞ്ഞെടുത്തത്. തിങ്കളാഴ്ചയാണ് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ.